വക്കം: വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും കൈയേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ഭരണകക്ഷി അംഗത്തിനെതിരെ പൊലീസിൽ പരാതി നൽകി. പ്രസിഡന്റ് എ. താജുന്നീസ, സെക്രട്ടറി പ്രേംനിർമ്മൽ എന്നിവരാണ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലിജയ്ക്കെതിരെ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം തോപ്പിക്കവിളാകത്ത് എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് കട്ടിൽ വിതരണം നടക്കുന്ന ചടങ്ങിലാണ് സംഭവം. ഭരണകക്ഷിയംഗവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ലാലിജ തന്റെ വാർഡിലുള്ളവർക്ക് കട്ടിൽ വേണമെന്നാവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ഗുണഭോക്തൃ ലിസ്റ്റിൽ ഉള്ളവർക്കും മതിയായ രേഖകൾ സഹിതം അപേക്ഷ നൽകിയവർക്കും മാത്രമേ കട്ടിലിനർഹതയുള്ളൂവെന്ന് സെക്രട്ടറി അറിയിച്ചപ്പോൾ എനിക്ക് അർഹതപ്പെട്ടത് ഞാനെടുക്കുന്നു എന്നുപറഞ്ഞ് ലാലിജ കട്ടിലെടുക്കാൻ ശ്രമിക്കവേ തടഞ്ഞ പ്രസിഡന്റിനെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് അവിടെ കൂടിയവരുടെ ഇടപെടൽ കൊണ്ട് ഇരുവരെയും പറഞ്ഞയച്ചു.
തുടർന്ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തിയ പ്രസിഡന്റിനെയും, സെക്രട്ടറിയെയും പിന്നാലെയെത്തിയ ലാലിജ നിരവധി തവണ അധിക്ഷേപിച്ചു. സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് കടയ്ക്കാവൂർ പൊലീസെത്തി ലാലിജയെ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്ന് പുറത്താക്കിയതോടെയാണ് രംഗം ശാന്തമായത്. രാത്രി തന്നെ താജൂന്നീസയും, വെള്ളിയാഴ്ച രാവിലെ സെക്രട്ടറി പ്രേംനിർമ്മലും കടയ്ക്കാവൂർ പൊലീസിൽ കൈയേറ്റത്തിനും, കർത്തവ്യ നിർവഹണം തടസപ്പെടുത്തിയതിനും പരാതി നൽകുകയായിരുന്നു.
അതിക്രമം കാണിച്ച അംഗത്തെ പുറത്താക്കണം
വക്കം: വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസയേയും, സെക്രട്ടറി പ്രേംനിർമ്മലിനെയും കൈയേറ്റം ചെയ്യുകയും, അധിക്ഷേപിക്കുകയും ചെയ്ത രണ്ടാം വാർഡ് അംഗം ലാലിജയെ ഭരണ സമിതിയംഗത്വത്തിൽ നിന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ഷാജുവും സി.പി.ഐ വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ ദത്തും ആവശ്യപ്പെട്ടു.