
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റുമായ പൂജപ്പുര മുടവൻമുഗൾ കേശവദേവ് റോഡ് പ്രകാശ് നഗർ അളകനന്ദയിൽ ഇ.സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ മികച്ച മാദ്ധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. മൃതദേഹം പ്രസ് ക്ലബിൽ പൊതുദർശനത്തിനു വച്ചശേഷം തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു.
34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച സോമനാഥ് എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ആഴ്ചക്കുറിപ്പുകൾ' എന്ന പേരിൽ പ്രതിവാര രാഷ്ട്രീയ പംക്തിയും 'നടുത്തളം' എന്ന പേരിൽ നിയമസഭാവലോകനങ്ങളും എഴുതിയിരുന്നു. നിയമസഭാ റിപ്പോർട്ടിംഗിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂർവത കണക്കിലെടുത്ത് സാമാജികർക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ആഗസ്റ്റിൽ ആദരിച്ചിരുന്നു. തികഞ്ഞ പ്രകൃതിസ്‌നേഹി കൂടിയായ സോമനാഥ് കടന്നുചെല്ലാത്ത കാടുകൾ കേരളത്തിൽ കുറവാണ്.
മലപ്പുറം വള്ളിക്കുന്ന് അത്താണിക്കലാണ് സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും അദ്ധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിഅമ്മയുടെയും മകനാണ്. ഭാര്യ: രാധ. മകൾ: ദേവകി. മരുമകൻ: മിഥുൻ. ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർ അനുശോചിച്ചു.