silverline

തിരുവനന്തപുരം : അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ നടപ്പാക്കുന്നതിനുള്ള എതിർപ്പുകൾ മറികടക്കാൻ സർക്കാർ ധവളപത്രം ഇറക്കുന്നു. ഇൻെറ കരട് തയാറാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. ആസൂത്രണ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള വിദഗ്ദ്ധരാണ് ഇത് തയ്യാറാക്കുന്നത്. അമേരിക്കയിലുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം അന്തിമരൂപം നൽകും. അടുത്ത സമ്മേളത്തിൽ ധവളപത്രം നിയമസഭയിൽ വയ്‌ക്കും.

പ്രതിപക്ഷവും പരിസ്ഥിതി സംരക്ഷകരും എതിർത്തതോടെ സമവായത്തിലൂടെ പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ പൗരപ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ജനസമക്ഷം സിൽവർ ലൈൻ പരിപാടിയിൽ പദ്ധതിയെ അനുകൂലിച്ചവർ ഉൾപ്പടെ ധവളപത്രത്തിൻെറ ആവശ്യം ചൂണ്ടിക്കാട്ടിയിരുന്നു.
പൊതുവിഷയങ്ങളിൽ ജനങ്ങൾക്ക് ആശങ്കയുള്ള ഘട്ടത്തിലാണ് ധവളപത്രം ഇറക്കാറുള്ളത്.

സിൽവർ ലൈനിനെ പറ്റിയുള്ള ആശങ്ക അകറ്റാൻ സർക്കാർ പ്രസിദ്ധീകരണമായ കേരള കോളിംഗിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതൊന്നും സ്വീകാര്യമാകാത്ത പശ്ചാത്തലത്തിലാണ് ധവളപത്രം ഇറക്കുന്നത്. പദ്ധതിയെ എതിർക്കുന്നവരിൽ പലരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ധവളപത്രം ഇറക്കിയാൽ,​ പദ്ധതിയിൽ ഒന്നും ഒളിക്കാനില്ലെന്ന നിലപാട് ശക്തമാക്കാമെന്നും ഇടഞ്ഞു നിൽക്കുന്നവരുടെ നാവടക്കാമെന്നും സർക്കാർ കരുതുന്നു.

ഗതാഗത സംവിധാനങ്ങളുടെ പരിമിതി, പദ്ധതികൊണ്ടുള്ള ഗുണം, സാമ്പത്തിക ബാദ്ധ്യത, കടമെടുപ്പ്, പരിസ്ഥിതിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം ധവളപത്രത്തിലുണ്ടാകും. വിമർശനങ്ങൾക്കുള്ള മറുപടിയും ഉൾപ്പെടും.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് 50 ലക്ഷം വീടുകളിൽ ലഘുലേഖ എത്തിക്കാനുള്ള സർക്കാർ നടപടികളും പുരോഗമിക്കുകയാണ്.