village

തിരുവനന്തപുരം: എടവണ്ണ വില്ലേജ് ഓഫീസിലെത്തിയയാൾക്ക് അപേക്ഷയിൽ ഒട്ടിക്കാൻ വില്ലേജ് ഓഫീസറുടെ നിർദ്ദേശപ്രകാരമെന്ന് പറഞ്ഞ് ക്ളാർക്ക് സ്വന്തം പഴ്സിൽ നിന്ന് സ്റ്റാമ്പെടുത്ത് നൽകി. സന്തോഷാധിക്യത്താൽ ആ വിവരം 'അപേക്ഷകൻ' സമൂഹമാദ്ധ്യമത്തിൽ കുറിപ്പായിട്ടു. അപ്പോഴതാ മറ്റൊരു കുറിപ്പ്. സ്ഥലം നറുകര വില്ലേജ് ഓഫീസ്, സംഭവം മേൽപ്പറഞ്ഞതിന് സമാനം. പിന്നാലെ പെരിന്തൽമണ്ണ താലൂക്ക് ഓഫീസിലും കൊണ്ടോട്ടി താലൂക്ക് ഓഫീസിലുമൊക്കെ സമാന സ്റ്റാമ്പ് സംഭവം.

മറ്റൊരു കുറിപ്പ് തലസ്ഥാനത്തുനിന്ന്. നഗരമദ്ധ്യത്തിലെ വില്ലേജ് ഓഫീസർ ഒറ്റ ദിവസംകൊണ്ട് റവന്യു രേഖ ശരിയാക്കി നല്കിയതിന്റെ നന്ദിപ്രകടനമാണ്. റവന്യു വകുപ്പിലെ മികച്ച ഉദ്യോഗസ്ഥർക്ക് ഇക്കൊല്ലം മുതൽ വകുപ്പുതല അവാ‌ർഡ് ഏർപ്പെടുത്തുന്നു. അത് നേടാനാണ് ഈ കൂട്ടത്തള്ള്. പലപേരുകളിൽ പോസ്റ്റ് ചെയ്യുന്നതാകട്ടെ ഒരേ ഏജൻസിയും.ഫെബ്രുവരിയിലാണ് അവാർഡ് പ്രഖ്യാപനം.

ഓരോ ജില്ലയിൽ നിന്നും മൂന്ന് വില്ലേജ് ഓഫീസർമാർക്കും സംസ്ഥാനതലത്തിൽ മൂന്ന് തഹസിൽദാർമാർക്കും സ്പെഷ്യൽ തഹസിൽദാർമാർക്കുമാണ് അവാർഡ്. മൂന്ന് കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, സബ് കളക്ടർമാർ/ ആർ.ഡി.ഒമാർ എന്നിവർക്കുമുണ്ട് അവാർഡ്. സ്വതന്ത്ര ഏജൻസിയാണ് ഇവരെ കണ്ടെത്തുക. ഇതിൽ നിന്ന് വിദഗ്ദ്ധ സമിതി ജേതാക്കളെ തിരഞ്ഞെടുക്കും.