
കല്ലമ്പലം: കുഴികൾ രൂപപ്പെട്ട് തകർന്ന് ഗതാഗതയോഗ്യമല്ലാതായ റോഡ് നാട്ടുകാർ സംഘടിച്ച് ഗതാഗതയോഗ്യമാക്കി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള കോൺക്രീറ്റ് റോഡാണ് നാട്ടുകാർ ഒത്തുകൂടി കുഴികൾ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
കഴിഞ്ഞ മൂന്ന് വർഷമായി തകർന്നുകിടക്കുന്ന റോഡ് പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ നിരവധിതവണ പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ആറു മാസത്തിനിടയിൽ റോഡിന്റെ ദുരവസ്ഥ മൂലം എട്ടോളം ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
നിത്യേന ആശുപത്രിയിലേക്കുള്ള ആംബുലൻസ് ഉൾപ്പെടെ നൂറോളം വാഹനങ്ങളും വൃദ്ധരായ രോഗികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. സമീപത്തെ റോഡ് ഈയിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചെങ്കിലും ഈ റോഡിനെ അവഗണിക്കുകയായിരുന്നു. തുടർന്നാണ് സമീപത്തെ ഫർണിച്ചർ സ്ഥാപന ഉടമയും സാമൂഹിക പ്രവർത്തകനുമായ വിജയകുമാറിന്റെ നേതൃത്വത്തിൽ ജി.ബി സ്റ്റോർ ഉടമ ജയകുമാർ, വെൽഡിംഗ് വർക്ക് ഷോപ്പ് ഉടമ ഷാജി, ഓട്ടോ ഡ്രൈവർ മുഹമ്മദ്, മനോഹരൻ എന്നിവരടങ്ങുന്ന സംഘം ഒറ്റ ദിവസം കൊണ്ട് റോഡിലെ കുഴികളടച്ച് റോഡ് ഗതാഗതയോഗ്യമാക്കിയത്.