
ശിവഗിരി: കനകജൂബിലി നിറവിലെത്തിയ ശിവഗിരി ബ്രഹ്മവിദ്യാലയത്തെ ശക്തിപ്പെടുത്താൻ ശ്രീനാരായണ ഗുരുദേവ ഭക്തർ പങ്കാളികളാകണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുദേവന്റെ അനന്തരഗാമിയും ആത്മീയാചാര്യനുമായിരുന്ന ബോധാനന്ദ സ്വാമികളുടെ 140-ാമത് ജയന്തിയും മതമഹാപാഠശാലയുടെ (ബ്രഹ്മവിദ്യാലയം) കനകജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
രാവിലെ ബോധാനന്ദ സ്വാമിയുടെ സമാധിപീഠത്തിൽ സമൂഹാർച്ചന, സമൂഹപ്രാർത്ഥന, പ്രസാദവിതരണം എന്നിവ നടന്നു. തുടർന്നാണ് കനകജൂബിലി സമ്മേളനം നടന്നത്.
1888 മുതൽ 1928 വരെ 40 വർഷം നീണ്ട ഗുരുദേവന്റെ കർമ്മകാണ്ഡത്തിൽ ഏറ്റവും മഹത്തരം ശിവഗിരി മതമഹാപാഠശാലയുടെ സംസ്ഥാപനമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. എല്ലാ മതങ്ങളെയും സമബുദ്ധിയോടെ പഠിക്കുന്ന ഒരു മതമഹാപാഠശാല സ്ഥാപിക്കാൻ ശ്രീനാരായണ ഗുരുവിനു മാത്രമേ സാധിച്ചിട്ടുളളൂ. പലമതസാരവുമേകം എന്ന ഗുരു ദർശനത്തിന്റെ അടിസ്ഥാനത്തിലുളള ബ്രഹ്മവിദ്യാപാഠത്തിലൂടെയും അതിന്റെ പ്രചാരണത്തിലൂടെയും മാത്രമേ ഗുരുദേവൻ വിഭാവനം ചെയ്ത ജാതി മത ചിന്തകൾക്കതീതമായ ഏകലോകം സൃഷ്ടിക്കാനാവൂ എന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും ശിവഗിരി മഠത്തിന്റെയും ഭാവി ബ്രഹ്മവിദ്യാലയത്തിലാണെന്ന് അദ്ധ്യക്ഷത വഹിച്ച ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. വർഗീയതയ്‌ക്കും മതാന്ധതയ്‌ക്കും അറുതി വരുത്താൻ ഗുരുദേവൻ സ്ഥാപിച്ച മതമഹാപാഠശാല ഭാരതത്തിനൊട്ടാകെ മാതൃകയാണ്. മാനവരൊക്കെയും ഒന്ന് എന്ന ഗുരുദേവ ദർശനത്തിലൂടെ മനുഷ്യരുടേയും ദേശത്തിന്റെയും ഐക്യം ഊട്ടി ഉറപ്പിക്കാനാകും. ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി ആഘോഷം അതിന് പ്രേരണയാകട്ടെയെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
ബ്രഹ്മവിദ്യാലയം എന്ന സങ്കല്പത്തിൽ ഗുരുദേവൻ സ്ഥാപിച്ച മതമഹാപാഠശാല ഒരു മഹാസ്ഥാപനമായി വളർന്നിരിക്കുകയാണെന്ന് ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ആധുനിക കാലത്ത് മതമഹാപാഠശാലയുടെ പ്രസക്തി വലുതാണ്. മതങ്ങൾ തമ്മിലുളള സൗഹാർദ്ദത്തിനും സമന്വയത്തിനും അത് വഴിതെളിക്കും. മതമഹാപാഠശാലയെ ദേശീയ വിദ്യാകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പുതിയ തലമുറയെ ശിവഗിരിമഠത്തിലേക്ക് ആകർഷിക്കുമെന്നും സ്വാമി ശാരദാനന്ദ പറഞ്ഞു.
സന്യാസത്തിന് പുതിയ അർത്ഥമുണ്ടാക്കിയ മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ പറഞ്ഞു. സന്യാസിയെന്നാൽ ത്യാഗിയും പരോപകാരാർത്ഥം പ്രവർത്തിക്കുന്നവനും ആവണമെന്ന ഗുരുദേവന്റെ വ്യാഖ്യാനം ശിവഗിരിമഠത്തിലെ പുതിയ തലമുറ ഏറ്റെടുത്ത് ഗുരുധർമ്മ പ്രചാരണം വ്യാപകമാക്കും.
സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാർഗ്ഗദർശികളാണ് മതങ്ങളെന്നും മതത്തിന് സൂക്ഷ്മദർശിയായ ഗുരുദേവൻ പ്രാമാണിക പുരുഷനാണെന്നും ബ്രഹ്മവിദ്യാലയാചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ പറഞ്ഞു.
ബ്രഹ്മചാരി അസംഗ ചൈതന്യ സ്വാഗതവും ബ്രഹ്മചാരി ആർഷ ചൈതന്യ നന്ദിയും പറഞ്ഞു.