
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെച്ചൊല്ലി വിവാദം മുറുകുന്നതിനിടെ, പുതിയ ന്യായവാദവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകായുക്ത ശുപാർശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തിൽ നിന്ന് ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര ഭരണകക്ഷിയുടെ ഇടങ്കോലിടലിന് വാതിൽ തുറന്നു
കൊടുക്കുന്നതിനാലാണ് നിയമഭേദഗതിയെന്ന് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം മന്ത്രിമാരെയും, നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെയും നിയമിക്കുന്നത് ഗവർണറാണ്. ഭരണഘടനാ പ്രകാരമുള്ള ഈ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതാണ് ലോകായുക്തയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം. 1999ൽ നായനാർ സർക്കാർ നിയമം കൊണ്ടുവന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്ര ഭരണകക്ഷി നഗ്നമായി ലംഘിക്കുന്ന ദുരവസ്ഥയാണ്. സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശത്തോടെ ഉപയോഗിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാനസർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്.
ഇപ്പോഴത്തെ ഭേദഗതി നിർദ്ദേശം വന്നത് 2021 ഏപ്രിലിലാണ് എന്നതിനാൽ ഇപ്പോൾ കമ്മിഷൻ മുമ്പാകെയുള്ള പരാതികളുമായി ഇതിനെ ബന്ധിപ്പിക്കുന്നത് അസംബന്ധമാണ്. അധികാരം സ്വാർത്ഥലാഭത്തിനായി ദുരുപയോഗം ചെയ്യുന്നവരല്ല എൽ.ഡി.എഫ് ഭരണാധികാരികൾ. ഈ ഭരണത്തിന്റെ മുഖമുദ്ര അഴിമതി വിരുദ്ധതയാണ്. ഏതെങ്കിലും ആക്ഷേപത്തിൽ പ്രത്യക്ഷത്തിൽ കഴമ്പുണ്ടെന്ന് തോന്നുന്ന സംഭവങ്ങളിൽ ഇടപെടാനും അതിൻമേൽ വസ്തുതകൾ തെളിയും വരെ മന്ത്രിമാരുടെ കാര്യത്തിൽപ്പോലും നടപടിയെടുക്കാനും ധീരത കാട്ടുന്നതാണ് പിണറായി സർക്കാർ. ലോകായുക്തയുടെ പരിഗണനയ്‌ക്കെത്തുന്ന വിഷയങ്ങൾ വിപുലമാണ്. അതിന് കുറവ് വരുത്തുന്നതൊന്നും ചെയ്യുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.
ഓർഡിനൻസിനെ എതിർത്ത് സി.പി.ഐ അഭിഭാഷക സംഘടന
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്നും സി.പി.ഐ അനുകൂല അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സ് ആവശ്യപ്പെട്ടു.
ലോകായുക്തയെ ദുർബലമാക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സദാചാരത്തിനോ ധാർമികതയ്ക്കോ നിരക്കുന്നതല്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഇ. ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയുമായിരുന്ന കാലത്ത് ഇക്കാര്യം നിയമസഭാതലത്തിൽ ചർച്ചചെയ്ത് തീരുമാനത്തിൽ എത്തിയിട്ടുള്ളതാണ്. പതിറ്റാണ്ടുകൾക്കിപ്പുറം പുനപ്പരിശോധനയ്ക്കു പ്രസക്തിയില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സോളാർ വിഷയത്തിലും ബാർകോഴ ഇടപാടിലും ഇടതുപക്ഷം ഉയർത്തിയ നിലപാടും ഇതായിരുന്നില്ല.
നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതിന്റെ യുക്തിയും ഉദ്ദേശ്യശുദ്ധിയും സംശയാസ്പദമാണ്. തികച്ചും ദുരുപദിഷ്ടമായ ഈ നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.ബി. സ്വാമിനാഥൻ ആവശ്യപ്പെട്ടു.