p

തിരുവനന്തപുരം: സമയബന്ധിതമായി ഓഡിറ്റിംഗ് പൂർത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡിമാരുടെയും ധനകാര്യ വിഭാഗം മേധാവിമാരുടെയും ശമ്പളം ഏപ്രിൽ മുതൽ തടഞ്ഞുവയ്‌ക്കുമെന്ന് മന്ത്രി പി.രാജീവ് മുന്നറിയിപ്പ് നൽകി. ഓഡിറ്റ് റിപ്പോർട്ടുകൾ ഡിസംബറിന് മുമ്പായി വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടണം. പൊതുമേഖലാ സ്ഥാപനങ്ങളിൽ വാർഷിക റിപ്പോർട്ടും കണക്കും കുടിശികയുള്ള സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മൂന്ന് വർഷത്തിലധികം ഓഡിറ്റ് റിപ്പോർട്ട് കുടിശിക വരുത്തിയ 11 സ്ഥാപനങ്ങളെ അവലോകനം ചെയ്ത് കുടിശിക തീർപ്പാക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റ് വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം തേടുന്നുണ്ടെന്ന് ഡയറക്ടർമാർ ഉറപ്പ് വരുത്തണം. പൊതുമേഖലാ സ്ഥാപനങ്ങളിൽ എല്ലാ മാസത്തെയും വരവുചെലവ് കണക്കുകൾ മാസാവസാനം തയാറാക്കി എം.ഡിയും ധനകാര്യ വകുപ്പ് വിഭാഗം മേധാവികളും അംഗീകരിക്കണം. വർഷാവസാനം വാർഷിക പ്രൊവിഷണൽ അക്കൗണ്ട് തയ്യാറാക്കുന്ന സംവിധാനം നടപ്പിൽ വരുത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു.