തിരുവനന്തപുരം: നഗരസഭയുടെ മരാമത്ത് പണികൾ മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി നഗരസഭ. ഇന്നലെ ചേർന്ന സ്പെഷ്യൽ കൗൺസിൽ യോഗത്തിലാണ് മരാമത്ത് ചെയർമാൻ ഡി.ആർ. അനിൽ ഇക്കാര്യം അറിയിച്ചത്. മേയർ ആര്യാ രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കൊവിഡ് ബാധിച്ചതിനാലും ജില്ലയിൽ സി കാറ്റഗറി നിയന്ത്റണമുള്ളതിനാലും ഓൺലൈനായാണ് കൗൺസിൽ യോഗം ചേർന്നത്.
വിവിധ വാർഡുകളിൽ നിലവിൽ ആരംഭിക്കാനുള്ളതും നടക്കുന്നതുമായി 1151 മരാമത്ത് ജോലികളാണുള്ളത്. ഇതിൽ കഴിഞ്ഞ ലോക്ക് ഡൗണിൽ ജോലി തടസപ്പെട്ടപ്പോൾ സ്പിൽ ഓവറായ മരാമത്ത് പദ്ധതികളുമുണ്ട്. ഈ പദ്ധതികളാണ് മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയത്. ഇതിൽ വിവിധ കാരണത്താൽ തർക്കം നടക്കുന്ന ജോലികൾക്ക് സമയം നീട്ടിനൽകിയിട്ടുണ്ട്.
ഇത് കൂടാതെ അപേക്ഷ ലഭിച്ച 13 പുതിയ മരാമത്ത് പദ്ധികൾ മാറ്റിവയ്ക്കാനും കൗൺസിലിൽ തീരുമാനമായി. പുതിയ ജോലികൾക്ക് എസ്റ്റിമേറ്റെടുത്ത് ടെൻഡർ ചെയ്ത് മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് ഈ സാമ്പത്തിക വർഷത്തിൽ നിന്നും ഇവയെ ഒഴിവാക്കിയത്.
എന്നാൽ ഇവ അടുത്ത സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുമെന്ന് ചെയർമാൻ പറഞ്ഞു. മരാമത്ത് ജോലികൾ മാത്രമേ നിലവിൽ മാറ്റിവയ്ക്കുന്നുള്ളൂ. നഗരസഭയിലെ പ്ളാൻ ഫണ്ടിലെ 67 കോടി രൂപ പൂർണമായും ഉപയോഗിക്കാത്തത് മൂലം റദ്ദാകുമെന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളിൽ അഡ്വാൻസ് ഇനത്തിൽ തുക നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ പദ്ധതി ഒഴിവാക്കിയതിൽ ബി.ജെ.പി അതൃപ്തി പ്രകടിപ്പിച്ചു. കാലാവസ്ഥ കെടുതിയിലും മറ്റും തകർന്ന റോഡുകളും കെട്ടിടങ്ങളും പുനർനിർമ്മിക്കാനാണ് അപേക്ഷ നൽകിയതെന്നും ആ ജോലികൾ കാലതാമസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കുന്നത് ഉചിതമല്ലെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
കൃത്യമായ രൂപരേഖയില്ലാതെയാണ് ഉദ്യോഗസ്ഥർ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നത്. പ്ളാൻ ഫണ്ട് റദ്ദാക്കാതിരിക്കാൻ വേണ്ടി 67 കോടി രൂപ വിവിധ വകുപ്പികളിലേക്ക് മാറ്റി നിക്ഷേപിക്കേണ്ടിവരുന്നത് ഉദ്യോഗസ്ഥ ഭരണസമിതി വീഴ്ചയാണെന്നും ബി.ജെ.പി ആരോപിച്ചു.