photo1

പാലോട്: ആദിവാസി ഊരുകളിൽ കൗമാരക്കാരെ കഞ്ചാവ് ലഹരി വലയിൽ നിന്ന് മോചിപ്പിക്കാൻ കൗൺസലിംഗ് നിർബന്ധമാക്കാനും ലഹരിക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻകൈയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ പറഞ്ഞു.

പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിൽ കഞ്ചാവ് വില്പന സംഘങ്ങളുടെ ചൂഷണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ആദിവാസി പെൺകുട്ടികളുടെ വീടുകൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി പുതുതലമുറയുടെ സംരക്ഷണം ലക്ഷ്യമാക്കി ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ പ്രത്യേക പ്രോജക്ട് ഉൾപ്പെടുത്തും.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പദ്ധതി മേൽനോട്ടം വഹിക്കും. ആദിവാസി കുട്ടികളുടെ മാനസികാരോഗ്യം വളർത്താൻ ഉതകുന്ന നിർദ്ദേശങ്ങളടങ്ങിയ പ്രമേയം പാസാക്കി എസ്.സി /എസ്.ടി വകുപ്പധികൃതർക്കും ഗോത്രവർഗ കമ്മിഷനും പൊലീസ് അധികാരികൾക്കും സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ ഒരുപറ ആദിവാസി ഊരിൽ മരിച്ച പെൺകുട്ടിയുടെ വസതിയാണ് ജില്ലാപഞ്ചായത്ത് സംഘം ആദ്യം സന്ദർശിച്ചത്. തുടർന്ന് ഇടിഞ്ഞാർ വിട്ടിക്കാവ് സെറ്റിൽമെന്റിൽ മരിച്ച പെൺകുട്ടിയുടെ വീട്ടിലെത്തി. പിന്നീട് വിതുരയിലെ വിവിധ ആദിവാസി ഊരുകളിലും സന്ദർശനം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുനിത, ജില്ലാപഞ്ചായത്ത് സെക്രട്ടറി റോയ് മാത്യു, നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസർ റഹീം തുടങ്ങിയവരുൾപ്പെട്ട സംഘമാണ് ആദിവാസി ഊരുകളിൽ സന്ദർശനം നടത്തിയത്.