
അതിന് മുമ്പ് ഓർഡിനൻസിൽ തീരുമാനമാകുമോയെന്നതിൽ ഉദ്വേഗം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചില രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് സഹായ വിതരണത്തിന് വിനിയോഗിച്ചെന്ന പരാതിയിൽ ലോകായുക്തയുടെ അന്തിമ വാദം കേൾക്കൽ ഫെബ്രുവരി നാലിന്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, അന്നത്ത മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും കേസിൽ പ്രതികളാണ്.
ഈ പശ്ചാത്തലത്തിലാണ്, സർക്കാരിന്റെ പുതിയ ലോകായുക്ത ഭേദഗതി ഓർഡിനൻസിന്റെ ഭാവിയും ശ്രദ്ധാകേന്ദ്രമാകുന്നത്.
കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചിട്ടില്ല. പ്രതിപക്ഷം ഉൾപ്പെടെ പരാതികളുമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ ഗവർണർ അതിന്റെ നിയമവശങ്ങൾ പരിശോധിക്കുകയാണ്. നിയമവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുന്നതിനിടെ അദ്ദേഹം ലക്ഷദ്വീപിലേക്ക് പോയി. ഇനി ഫെബ്രുവരി ഒന്നിന് തലസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷമേ ഓർഡിനൻസിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനിടയുള്ളൂ. ഗവർണർ ഒപ്പു വയ്ക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാരും സി.പി.എം നേതൃത്വവും. സർക്കാർ പാസാക്കുന്ന ബില്ലിലോ ഓർഡിനൻസിലോ ഗവർണർക്ക് വിശദീകരണം തേടി തിരിച്ചയക്കാമെങ്കിലും, അങ്ങനെ തിരിച്ചയക്കുന്നവ സർക്കാർ വീണ്ടും മറുപടി സഹിതം തിരിച്ചുവിട്ടാൽ ഭരണഘടനയുടെ അനുച്ഛേദം 201 പ്രകാരം ഗവർണർ ആറ് മാസത്തിനകം ഒപ്പുവയ്ക്കണം. അല്ലെങ്കിൽ അത് പാസായതായി കണക്കാക്കാം. ഗവർണർക്ക് സർക്കാരിനെ ഒന്നും ചെയ്യാനാകില്ല.
ദുരിതാശ്വാസനിധി വകമാറ്റലുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് ലോകായുക്ത വിധിച്ചാൽ ബന്ധപ്പെട്ട അധികാരിയായ ഗവർണർക്ക് നിലവിലെ നിയമ പ്രകാരം അതംഗീകരിക്കേണ്ടി വരും. എന്നാൽ,പുതിയ ഭേദഗതിയനുസരിച്ച് ലോകായുക്തയുടെ ഉത്തരവ് ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഈ ഭേദഗതിയാണ് വിവാദമായത്. ഇത് മുഖ്യമന്ത്രിക്കെതിരായ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള വിദ്യയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഫെബ്രുവരി നാലിന്റെ വാദം കേൾക്കലിന് ശേഷം എപ്പോൾ വേണമെങ്കിലും വിധി വരാം..