പോത്തൻകോട്: ഫാം നടത്താനായി കരാറിനെടുത്ത സൊസൈറ്റി സ്ഥലത്ത് മാലിന്യ നിക്ഷേപം നടത്തിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കണിയാപുരം കയർ വ്യവസായ സംഘത്തിന്റെ സ്ഥലത്താണ് കരാറിന്റെ മറവിൽ സ്വകാര്യ വ്യക്തി ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും കൊണ്ട് തള്ളിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാലിന്യം എത്തിച്ചത്. അതോടെ ജനവാസ കേന്ദ്രമായ പ്രദേശത്ത് ദുർഗന്ധം പടർന്നു.

തുടർന്നാണ് നാട്ടുകാർ അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ പരാതിയുമായെത്തി മാലിന്യ നിക്ഷേപം തടഞ്ഞത്. തുടർന്ന് മംഗലപുരം പൊലീസിനും നാട്ടുകാർ പരാതി നൽകി. പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ നോട്ടീസ് നൽകി.

കണിയാപുരം യു.പി.എസിന് നൂറ് മീറ്റർ മാത്രം അകലത്തിലാണ് മാലിന്യം നിക്ഷേപിച്ചത്. ആരാധനാലയങ്ങളും സമീപത്തുണ്ട്. കണിയാപുരം കയർ സഹകരണ സംഘത്തിന്റെ രണ്ടര ഏക്കർ സ്ഥലം 8000 രൂപ വാടകയ്ക്ക് രണ്ടുമാസം മുൻപാണ് സ്വകാര്യ വ്യക്തിക്ക് നൽകിയത്. കന്നുകാലി ഫാമിനാണ് സഹകരണ സംഘത്തിന്റെ സ്ഥലം വാടകയ്ക്ക് നൽകിയിരുന്നത്. ഇതിന്റെ മറവിലാണ് നഗരത്തിലെ മാളുകളിലും മറ്റുമുള്ള ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക്കും അടങ്ങുന്ന മാലിന്യം ഇവിടെ എത്തിച്ചത്. കഠിനംകുളം കായലിനോട് ചേർന്നുള്ള ഇവിടം നിർച്ചാലുകൾ നിറഞ്ഞതാണ്. മാലിന്യം ഉടൻ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.