
കൊല്ലം: ജോലിയ്ക്ക് പോകാൻ മടിച്ച് വീട്ടിലിരുന്നത് വിലക്കുകയും പണയപ്പണ്ടങ്ങൾ തിരികെയെടുക്കാനും ആവശ്യപ്പെട്ടതിൽ പ്രകോപിതനായി ഭാര്യയെ വിറക് കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ഒന്നരവയസുകാരനായ മകനെ കട്ടിലിലേക്ക് എടുത്തെറിയുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊട്ടിയം തഴുത്തല മിനി കോളനിയിൽ സുധീഷ് ഭവനിൽ സുധീഷ് (27) ആണ് അറസ്റ്റിലായത്. 26 ന് വൈകിട്ടാണ് സംഭവം. തലയ്ക്കും കൈയ്ക്കും കണ്ണിനും പരിക്കേറ്റ ഇയാളുടെ ഭാര്യ ലക്ഷ്മി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനും നിസാര പരിക്കേറ്റിട്ടുണ്ട്. കൊട്ടിയം സബ് ഇൻസ്പെക്ടർമാരായ സുജിത് ബി. നായർ, റെനോക്സ്, ജോയി, ഗിരീശൻ, സി.പി.ഒ അനൂപ്, ജാസ്മിൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.