
തൃക്കാക്കര: സ്പായിൽ അതിക്രമിച്ചു കയറി കവർച്ച നടത്തുകയും ജീവനക്കാരനെ തട്ടിക്കൊണ്ടുപോയിമർദ്ദിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തു. ചേരാനെല്ലൂർ പഞ്ചായത്ത് ഓഫിസിന് പിൻവശം വാടകയ്ക്ക് താമസിക്കുന്ന വേട്ടാപറമ്പിൽ ജോസ് മാത്യു (30), പനങ്ങാട് വടക്കേ തച്ചപ്പിളളി വീട്ടിൽ മഹേഷ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പടമുഗൾ പാലച്ചുവട് റോഡിൽ മുകേഷ് എന്നയാൾ നടത്തുന്ന ആയുഷ് വെൽനെസ് സ്പായിൽ അതിക്രമിച്ചു കയറി 15,000 രൂപ കൈക്കലാക്കിയ ശേഷം സ്ത്രീ ജീവനക്കാരുടെ വിഡിയോ മൊബൈൽ ഫോണിൽ ചിത്രികരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവനക്കാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോയി പണം കൈക്കലാക്കുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദ്ദിക്കുകയും ചെയ്തെന്നും കേസുണ്ട്. തൃക്കാക്കര സി.ഐ ആർ. ഷാബു, എസ് ഐ മാരായ വിഷ്ണു, റോയ് കെ. പുന്നൂസ്, സി.പി.ഒമാരായ അനീഷ്. മാഹിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.