
വാമനപുരം: റോഡ് പണി പൂർത്തിയായുടൻ റോഡ് വെട്ടിപ്പൊളിക്കാൻ വാട്ടർ അതോറിട്ടിക്കാർ എത്തി. വാമനപുരം - കളമച്ചൽ റോഡിലാണ് സംഭവം. പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച് ടാർ ഫിനിഷിംഗ് പണി പൂർത്തീകരിച്ച ഭാഗമാണ് വാട്ടർ അതോറിട്ടിക്കാർ വെട്ടിപ്പൊളിച്ചത്.
ആദ്യഘട്ട ടാറിംഗിന് ശേഷം ലീക്കുണ്ടായ സ്ഥലം വാട്ടർ അതോറിട്ടിയെ രണ്ടാഴ്ച മുൻപ് അറിയിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്തിയില്ല. എന്നാൽ ടാറിംഗ് പൂർത്തീകരിച്ചതിന് തൊട്ടുപിന്നാലെ എത്തിയ വാട്ടർ അതോറിട്ടി അധികൃതർ റോഡ് വെട്ടിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങിയതിൽ നാട്ടുകാർ പ്രതിഷേധമുയർത്തി പണി പൂർത്തീകരിക്കുന്നതിനിടയിലാണ് വാട്ടർ അതോറിട്ടിയുടെ നിരുത്തരവാദപരമായ നടപടിയുണ്ടായത്.
റോഡ് വെട്ടിപ്പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷൈജു വാമനപുരം വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർക്കും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകുമെന്ന് അറിയിച്ചു.