
'ലോകമേ തറവാട് തനിക്കീ ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ' എന്ന് ചിന്തിച്ചും ജീവിച്ചും പോന്നയാളാണ് പിണറായി സഖാവ്. മഹാകവി വള്ളത്തോൾ ഈ വരികളെഴുതുമ്പോൾ പിണറായി സഖാവ് ഒരിക്കൽ കേരളം ഭരിച്ചീടുമെന്നും അന്ന് സഖാവിന്റെ മനോഗതി ഇത്തരത്തിലായിരിക്കുമെന്നും ദീർഘവീക്ഷണം ചെയ്തിരുന്നു. സഖാവിനെ മഹാസാധു എന്ന് നിയമസഭയിൽ സഖാവ് തന്നെ വിശേഷിപ്പിച്ചത് പോലും ഇതുകൊണ്ടാണ്. ലോകമാണ് തറവാട്. ലോകായുക്തയും അതിൽപ്പെടും.
കടലിനെപ്പറ്റി പറയുമ്പോൾ കടലിലെ വെള്ളത്തെപറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുപോലെയാണ് ലോകത്തിന്റെയും ലോകായുക്തയുടെയും കാര്യവും. ലോകത്തെക്കുറിച്ച് പറയുമ്പോൾ ലോകായുക്തയെപ്പറ്റി വേറെ പറയേണ്ട കാര്യമില്ല.
പിണറായി സഖാവിന് ഈ ലോകമാണ് തറവാട്. അതിലെ ചെടികളും പുല്ലുകളും പുഴുക്കളും ലോകായുക്തയും എല്ലാം ചേരുന്നതാണ് അദ്ദേഹത്തിന്റെ കുടുംബക്കാർ. അപ്പോൾ ലോകായുക്ത എന്തെങ്കിലും ചെയ്യുന്നതും പിണറായി സഖാവ് എന്തെങ്കിലും ചെയ്യുന്നതും തമ്മിൽ വ്യത്യാസം വരേണ്ടതില്ല. ലോകായുക്ത ഒരു കാര്യം തീരുമാനിച്ച് തെറ്റിപ്പോവുകയും പിണറായി സഖാവ് അത് തിരുത്തി ശരിയായ തീരുമാനമെടുക്കുകയും ചെയ്താൽ, അതേതാണ്ട് ലോകായുക്ത തീരുമാനിച്ചതുപോലെയാണ്. ലോകായുക്ത കണ്ണുംപൂട്ടി ഉത്തരവ് പുറപ്പെടുവിക്കുകയും പിണറായി സഖാവ് വരുംവരായ്ക നോക്കാതെ ഉത്തരവിനെ ഭയഭക്തി ബഹുമാനത്തോടെ ഏറാൻമൂളി അനുസരിക്കുകയും ചെയ്യുന്നതാണ് തെറ്റ്. ലോകമേ തറവാട് എന്ന സങ്കല്പത്തിന് നിരക്കാത്തതാണത്.
പിണറായി സഖാവിന്റെ സങ്കല്പത്തിലെ ലോകത്ത് സഖാവും ലോകായുക്തയും വേറിട്ട അസ്തിത്വങ്ങളല്ല. ലോകായുക്ത കല്പിക്കും സഖാവ് അനുസരിക്കും എന്നൊക്കെ പറയുന്നത്, ഒരുതരം ജന്മി- കുടിയാൻ പരിപാടിയാണ്. അതിനോട് സഖാവിന് ഒരിക്കലും യോജിക്കാനാവില്ലെന്ന് അദ്ദേഹത്തെ അറിയാവുന്ന ആർക്കും ബോദ്ധ്യമാകും.
സംഗതിവശാൽ ലോകായുക്തയ്ക്ക് പല്ലും നഖവും കൊടുത്തു എന്നൊക്കെ പറയുന്നത് നേരാണ്. പല്ലും നഖവും കൊടുത്തിരിക്കുന്നത് പിണറായി സഖാവിനെക്കൊണ്ട് അനുസരിപ്പിക്കാനല്ല. ലോകായുക്ത ഒരു കാര്യം തീരുമാനിക്കുന്നു. പിണറായി സഖാവ് അതുനോക്കി, ഓ, ഇത് ഞാനങ്ങ് തീരുമാനിച്ചാൽ പോരേ എന്ന് തിരിച്ച് ചോദിക്കുന്നു. എന്നിട്ട് സഖാവ് ഒരു കാര്യം തീരുമാനിച്ച്, ഇത് മതിയെന്ന് ലോകായുക്തയോട് പറയുന്നു. ലോകായുക്ത തലകുലുക്കി സമ്മതിച്ച് തിരിഞ്ഞു നടക്കുന്നു. ശേഷം ലോകായുക്തയുടെ ആത്മൻ മൊഴിയുന്നു. 'സഖാവ് തീരുമാനിച്ചാലും അടിയൻ തീരുമാനിച്ചാലും രണ്ടും ഒന്നു തന്നെയാണല്ലോ!'
അവിടെയാണ് ലോകമേ തറവാട് എന്ന സങ്കല്പം പൂത്തുലയുന്നത്.
അതിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരെ കല്ലെടുത്തെറിയണം. പിണറായി സഖാവിന്റെ സങ്കല്പത്തിലുള്ള ലോകതറവാട്ടിലെ ലോകായുക്തയെപ്പറ്റി വടശ്ശേരിഗാന്ധി സതീശനോ കുമ്പക്കുടി സുധാകരഗാന്ധിക്കോ ഒരു ചുക്കും അറിയാൻ സാദ്ധ്യതയില്ല.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആപ്പയൂപ്പകൾക്കൊന്നും നാലണ മെമ്പർഷിപ്പ് കിട്ടുമെന്ന് ആരും ചിന്തിക്കരുത്. അങ്ങേയറ്റത്തെ ത്യാഗങ്ങൾ സഹിക്കാൻ കെല്പും ത്രാണിയുമുള്ള സാഹസികർക്ക് മാത്രമേ ആ പാർട്ടിയിൽ അംഗത്വം ലഭിക്കൂ. ബ്രിട്ടീഷുകാരുടെ ആക്രമണത്തിന് മുന്നിൽ നെഞ്ച് വിരിച്ചുനിന്ന പാരമ്പര്യമുള്ളത് കൊണ്ട് ഇതിനകം നാലണ മെമ്പർഷിപ്പ് കൈക്കലാക്കിയിട്ടുള്ള രാഹുൽമോൻ തൊട്ട് കേസിവേണുഗോപാൽജി വരെയുള്ളവർക്ക് ഏത് വലിയ ത്യാഗം സഹിക്കുന്നതിനും ഒരു ബുദ്ധിമുട്ടുമില്ലെന്ന് ചിന്തിക്കുക. അങ്ങനെയാവില്ല ഇനിയങ്ങോട്ട് മെമ്പർഷിപ്പ് കൈപ്പറ്റാനുള്ളവർ.
ഏഴര വെളുപ്പിനെണീറ്റ് പച്ചവെള്ളം ചവച്ചരച്ച് കുടിച്ച് രഘുപതിരാഘവ പാടി ചർക്കയിൽ നൂൽനൂറ്റാനിരുന്നാൽ ത്യാഗസന്നദ്ധത തനിയേ വന്നുകൊള്ളുമെന്നൊന്നും ആരും കരുതേണ്ട. കഠിനപരീക്ഷണങ്ങളെ അതിജീവിക്കാൻ കൂടി ശീലമാക്കണം. ചിലപ്പോൾ ആമാശയത്തെ ഉരുക്കിക്കളയുന്ന കൊടും ചൂടുവെള്ളം കുടിക്കാൻ കിട്ടിയെന്ന് വരും. അത് പച്ചവെള്ളം പോലെ കുടിക്കാനാവണം.
ഈയിടെയായി നാലണ മെമ്പർഷിപ്പ് നൽകുമ്പോൾ ഇത്തരം ത്യാഗപരീക്ഷണങ്ങൾ കുറഞ്ഞുപോകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നുവെന്ന് രാഹുൽമോൻ വേണുഗോപാൽജി വഴി തിരിച്ചറിയുകയുണ്ടായി. അങ്ങനെയാണ് ഗോവയിൽ തിരഞ്ഞെടുപ്പിന് മുമ്പായി അക്കൂട്ടരിൽ ചിലരെ ത്യാഗപരീക്ഷണത്തിന് വിധേയരാക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് തിളച്ച നെയ്യിൽ നടത്തിക്കുകയും ഗോവയിലെ ചില പള്ളികളിലും അമ്പലങ്ങളിലും പോയി സത്യം ചെയ്യിക്കുകയുമായിരുന്നു പരീക്ഷണങ്ങളിൽ പ്രധാനം.
ഒരു കാരണവശാലും ബി.ജെ.പിയിലേക്ക് പോകില്ലെന്നാണ് സത്യം ചെയ്യിച്ചത്. തിളച്ച നെയ്യിൽ നടക്കുന്നതും ആമാശയത്തെ ഉരുക്കുന്ന ചൂടുവെള്ളം കുടിച്ചതുമൊന്നും ഒരു പരീക്ഷണമേ ആയിരുന്നില്ലെങ്കിലും അവസാനത്തെ പരീക്ഷണം ശരിക്കുമൊരു അഗ്നിപരീക്ഷ തന്നെയായിപ്പോയിയെന്നാണ് അമ്പലത്തിലും പള്ളിയിലും പോയി സത്യം ചെയ്തവരെല്ലാം പറയുന്നത്. ഈ പരീക്ഷണം ജയിച്ചവർക്കേ നാലണ മെമ്പർഷിപ്പുമായി മുന്നോട്ട് പോകാൻ കഴിയൂവെന്നാണ് പറയുന്നത്. ഇതിലെത്രപേർ പരീക്ഷ വിജയിക്കുമെന്ന് ചോദിച്ചാൽ ആർക്കുമില്ല ഒരുത്തരം. എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പറയാമെന്നാണ് ഒരു നേതാവ് ഈയുള്ളവനോട് ഉൾക്കിടിലം ഉള്ളിലൊതുക്കി മൊഴിഞ്ഞത്.
ഇ-മെയിൽ: dronar.keralakaumudi@gmail.com