mm-hassan

തിരുവനന്തപുരം: നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നതിനാലാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നത് എന്ന വാദമുയർത്തിയ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുൻ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പ്രസ്താവിച്ചു.

നായനാരുടെ കാലത്ത് കേന്ദ്രം ഭരിച്ചത് കോൺഗ്രസ് സർക്കാരാണ്. സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്ന ഒരു നടപടിയും കോൺഗ്രസ് സർക്കാർ സ്വീകരിക്കില്ലെന്ന തുറന്നുപറച്ചിലാണ് കോടിയേരി നടത്തിയത്. വൈകിയെങ്കിലും കോൺഗ്രസിന്റെ മഹത്വം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. നായനാരുടെ ഭരണകാലം പോലെ അഴിമതി രഹിത കമ്മ്യൂണിസ്റ്റ് രാജല്ല, പിണറായി ഭരണത്തിൽ അഴിമതി രാജാണെന്ന് പരസ്യമായി സമ്മതിക്കുക കൂടിയാണ് കോടിയേരി ബാലകൃഷ്ണൻ.

അഴിമതി തടയാനുള്ള സംവിധാനങ്ങളായ വിജിലൻസിനെയും വിവരാവകാശ നിയമത്തെയും കൂച്ചുവിലങ്ങിട്ടത് പോലെ ലോകായുക്തയെയും നിർവീര്യമാക്കാനുള്ള ശ്രമങ്ങളാണ് ഓർഡിനൻസിന് പിന്നിലെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.