lll

തിരുവനന്തപുരം: നഗരസഭ ആസ്ഥാനത്തുള്ള മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം നിയന്ത്രിക്കാൻ കുടുംബശ്രീ വനിതകളും. ഇതിനായി നാല് കുടുംബശ്രീ വനിതകളെ നഗരസഭ നിയോഗിച്ചു. നിലവിൽ പാർക്കിംഗ് കേന്ദ്രം പണിതീർത്ത കമ്പനി ഇവർക്ക് ഇത് പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നൽകുകയാണ്. പരിശീലനം പൂർത്തിയായിക്കഴിഞ്ഞാൽ ഇവരുടെ നിയന്ത്രണത്തിലായിരിക്കും പൂർണമായും പാർക്കിംഗ് കേന്ദ്രം.

ഫയർഫോഴ്സിന്റെയും ഇലക്ട്രിക്ക് ഇൻസ്പെക്ടറിന്റെ അനുമതിയില്ലാതിരുന്നത് കാരണം ഉദ്ഘാടനം കഴിഞ്ഞ് പാർക്കിംഗ് തുറക്കുന്നത് നീണ്ടു. എന്നാൽ രണ്ടിന്റേയും അനുമതി ലഭിച്ചു. ഇടിമിന്നൽ രക്ഷാകവചം കൂടി ഇനി കേന്ദ്രത്തിൽ സ്ഥാപിക്കാനുണ്ട്. ഈ നിബന്ധന വച്ചാണ് ഇലക്ട്രിക്ക് വിഭാഗം കേന്ദ്രത്തിന് അനുമതി നൽകിയിട്ടുള്ളത്.

ഇപ്പോൾ താത്കാലികമായി തുറന്നിട്ടു. പൊതുജനങ്ങൾക്ക് ഇത് തുറന്നതിനെപ്പറ്റി അറിവില്ലാത്തതുകൊണ്ട് ചുരുക്കം ചിലർ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുള്ളൂ. നഗരസഭയിൽ എത്തുന്ന ഉദ്യോഗസ്ഥരും കൗൺസിലർമാരുമാണ് നിലവിൽ ഇവിടം ഉപയോഗിക്കുന്നത്. ആദ്യം ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് ഒരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചെലവ് കൂടുമെന്നായതോടെ ഈ നീക്കം ഉപേക്ഷിച്ചു.

നിരക്കുകൾ ഉടൻ

പാർക്കിംഗ് കേന്ദ്രത്തിന്റെ നിരക്കുകൾ ഉടൻ നിശ്ചയിക്കും. നിലവിൽ മണിക്കൂറിന് 30 രൂപ വച്ചാണ് കരട് നിരക്ക് തയ്യാറാക്കിയിരിക്കുന്നത്. ആദ്യം 60 രൂപയാണ് നിശ്ചയിരുന്നതെങ്കിലും അത് കുറയ്ക്കണമെന്ന നിർദ്ദേശത്തിലാണ് 30 ആയി കുറച്ചത്. ക്രമേണ നിരക്ക് കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.നിരക്കുകൾ ഫിനാൻസ് കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ നടക്കുന്ന കൗൺസിൽ യോഗം കൂടി അംഗീകരിച്ചാൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും. കൗൺസിർമാർക്കും ജീവനക്കാർക്കും സൗജന്യം നൽകണമോയെന്നുള്ളതും കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും.നിരക്കുകൾ വന്നാൽ മാർച്ചോടെ തന്നെ പാർക്കിംഗ് കേന്ദ്രം പൂർണമായി പ്രവർത്തനസജ്ജമാകും.

ഉദ്ഘാടനം കഴിഞ്ഞത് - 2020 ഒക്ടോബറിൽ

പദ്ധതിച്ചെലവ് - 6.71 കോടി രൂപ

നഗരത്തിലെ ആദ്യ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം

പാർക്ക് ചെയ്യാൻ സൗകര്യം - ഏഴ് നിലകളിലായി 102 കാറുകൾ പാർക്ക് ചെയ്യാം

നിർമ്മാണച്ചെലവ്

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 5.64 കോടിയായിരുന്നു പാർക്കിംഗ് കേന്ദ്രത്തിനായി ആദ്യം എസ്റ്റിമേറ്റിട്ടത്. എന്നാൽ നിർമ്മാണം പുരോഗമിച്ചതോടെ ഈ തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് ബോദ്ധ്യമായി. ഇതോടെ 6.13 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതിന് ഭരണാനുമതിയും ലഭിച്ചു. എന്നാൽ സിവിൽ വർക്കുകൾക്ക് ചുമതലപ്പെടുത്തിയ കമ്പനി കരാർ നൽകിയതിനെക്കാൾ 3.5 ശതമാനം തുകയും ഫയർ, ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി 9.5 ശതമാനം തുകയും അധികം ക്വാട്ട് ചെയ്തത് വീണ്ടും തിരിച്ചടിയായി. ഇതോടെ 6.71 കോടി രൂപയായി എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ച് ജോലികൾ പൂർത്തിയാക്കുകയായിരുന്നു.