
കോഴിക്കോട് വെള്ളിമാടുകുന്നിലെ സർക്കാർ ബാലമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ ആറ് പെൺകുട്ടികളെയും കണ്ടെത്താൻ കഴിഞ്ഞതിൽ പൊലീസിനൊപ്പം പൊതുസമൂഹവും ആശ്വസിക്കുന്നുണ്ടാകും. ബുധനാഴ്ച വൈകിട്ടാണ് കുട്ടികൾ സ്ഥലംവിട്ട കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒട്ടും സമയം കളയാതെ പൊലീസ് തിരച്ചിൽ തുടങ്ങുകയും ചെയ്തു. ചില സൂചനകളുടെ അടിസ്ഥാനത്തിൽ മുന്നേറിയ അവർക്ക് വ്യാഴാഴ്ച രാവിലെതന്നെ പെൺകുട്ടികളിലൊരാളെ ബംഗളൂരുവിൽ ഹോട്ടലിൽ നിന്ന് രണ്ട് യുവാക്കൾക്കൊപ്പം കണ്ടെത്താൻ കഴിഞ്ഞു. മറ്റൊരാളെ കോഴിക്കോട്ടേയ്ക്കുള്ള ബസിൽ നിന്നാണ് കിട്ടിയത്. നാലുപേരെ വെള്ളിയാഴ്ച നിലമ്പൂരിൽ എടക്കരയിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. ചതിക്കുഴികളിലൊന്നും വീഴാതെ എല്ലാവരെയും സുരക്ഷിതരായി കണ്ടെത്താനായത് പൊലീസിന്റെ അവസരോചിതമായ നടപടികളെത്തുടർന്നാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഇത്തരം സംഭവങ്ങളിൽ കേരള പൊലീസിന്റെ സാമർത്ഥ്യവും മിടുക്കും അങ്ങേയറ്റം ശ്ളാഘനീയം തന്നെ.
സർക്കാർവക ബാലമന്ദിരത്തിൽ കാര്യങ്ങൾ എത്രമാത്രം നാഥനും നമ്പിയുമില്ലാത്ത അവസ്ഥയിലാണെന്ന് വിളിച്ചുപറയുന്ന സംഭവം കൂടിയാണിത്. സർക്കാർ സ്ഥാപനമെന്ന സുരക്ഷിതത്വം കണ്ടുകൊണ്ടാകുമല്ലോ കുട്ടികളെ പല സാഹചര്യങ്ങളാൽ അവിടെ ഏല്പിക്കുന്നത്. ഒരാൾപോലും അറിയാതെ ഓടിപ്പോകാവുന്ന അന്തരീക്ഷമാണ് അവിടെ ഉള്ളതെങ്കിൽ എന്തുവിശ്വസിച്ചാണ് ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികളെ താമസിപ്പിക്കുന്നത്. വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തിൽ നിന്ന് ആറ് കുട്ടികൾ ഒരേസമയം പുറത്തുകടന്നിട്ടും അതിന്റെ നടത്തിപ്പുകാർ വിവരം അറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞാണത്രേ. പെൺകുട്ടികളെ പാർപ്പിക്കുന്ന ഇടമായിട്ടും ഗേറ്റ് കാവലിന് ഒരു സെക്യൂരിറ്റിക്കാരനെപ്പോലും നിയോഗിച്ചിട്ടില്ല. ചെറിയ കടക്കാർ പോലും സി.സി.ടിവി സൗകര്യം ഏർപ്പെടുത്താറുള്ള ഇക്കാലത്ത് ബാലമന്ദിരത്തിൽ അത്തരമൊരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലെന്ന വിവരം വെളിപ്പെടുന്നത് കൂട്ടത്തോടെ കുട്ടികൾ ചാടിപ്പോയ വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം അതേക്കുറിച്ച് ചോദിക്കുമ്പോഴാണ്. വലിയ മുതൽമുടക്കൊന്നുമില്ലാതെ ഏർപ്പെടുത്താനാവുന്ന സംവിധാനങ്ങൾ എന്തുകൊണ്ട് ഇത്തരം സ്ഥാപനങ്ങളിൽ നിർബന്ധമാക്കുന്നില്ലെന്ന് അന്വേഷിക്കേണ്ടതല്ലേ? സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നവർ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് മേലധികാരികളെ സമീപിക്കാതിരിക്കുന്നതും വലിയ വീഴ്ചയാണ്. ബാലമന്ദിരങ്ങൾ മാത്രമല്ല ഇതുപോലുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും നടത്തിപ്പിൽ പൊതുവേ അവഗണനയും നിരുത്തരവാദപരമായ സമീപനവുമാണ് കാണാറുള്ളത്. അനാഥരോട് എന്തിനു കൂടുതൽ സ്നേഹവും കരുണയും എന്ന ചിന്തയിൽ നിന്നാണ് ഇത് ഉടലെടുക്കുന്നത്. കൃത്യമായ മേൽനോട്ടവും പരിശോധനാ സംവിധാനവും ഉണ്ടെങ്കിൽ ഇത്തരം സ്ഥാപനങ്ങളിൽ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ കൂടുതൽ ചുമതലാബോധം കാണിക്കുക തന്നെ ചെയ്യും.
ബാലമന്ദിരം പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെ നടത്തിപ്പ് പലപ്പോഴും അന്തേവാസികൾക്ക് അരോചകമായി ഭവിക്കാറുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന ഇതുപോലുള്ള ചാടിപ്പോക്ക് അതിന്റെ ഭാഗമായി കരുതാം. കോഴിക്കോട് സ്ഥാപനം വിട്ട് പോയവരിൽ അഞ്ചുപേരും ഇനി തങ്ങളെ ബാലമന്ദിരത്തിലേക്ക് തിരിച്ചയയ്ക്കരുതെന്നാണ് പൊലീസിനോട് അപേക്ഷിച്ചത്. ഒരാൾ മാത്രമാണ് സ്വന്തം വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ബാലമനസുകളിലെ നൊമ്പരവും വ്യഥയും തൊട്ടറിയാൻ കഴിയുന്നവർ ഉണ്ടെങ്കിലേ ഇത്തരം ബാലമന്ദിരങ്ങളിൽ അവരുടെ ജീവിതം ഭദ്രമാവുകയുള്ളൂ. ബാലമന്ദിരങ്ങളിലേക്കും അനാഥമന്ദിരങ്ങളിലേക്കും വൃദ്ധമന്ദിരങ്ങളിലേക്കുമൊക്കെ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ ഇതൊക്കെ പരിഗണിക്കണം. കോഴിക്കോട് സംഭവത്തിന്റെ വെളിച്ചത്തിൽ സംസ്ഥാനത്തെ മൊത്തം ബാലമന്ദിരങ്ങളെക്കുറിച്ച് ഒരു ഓഡിറ്റിംഗ് അനിവാര്യമായിട്ടുണ്ട്. സർക്കാർ അതിനുവേണ്ട നടപടിയെടുക്കണം.