photo

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസാണ് ഇപ്പോൾ കേരളത്തെ ചൂടുപിടിപ്പിക്കുന്ന വിവാദം. 1999ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ കൊണ്ടുവന്ന ഇന്ത്യയിലെ തന്നെ ഏറ്റവും സവിശേഷതയാർന്നതും ശക്തിമത്തായതുമായ ലോകായുക്ത നിയമത്തിന്റെ കടയ്ക്കൽ കത്തിവച്ചിരിക്കുന്നത് 22 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഇടതുസർക്കാർ ആണെന്നതാണ് വൈരുദ്ധ്യം. ഉച്ചിയിൽവച്ച കൈകൾ കൊണ്ടുതന്നെ ഉദകക്രിയ നടത്തി എന്ന ആരോപണമുയർത്തിയാണ് പ്രതിപക്ഷം പോർമുഖം തുറന്നിട്ടിരിക്കുന്നത്.

ലോകായുക്ത നിയമത്തിലെ 3, 5, 14 വകുപ്പുകളിലാണ് സുപ്രധാന ഭേദഗതികൾ വരുത്തിയിട്ടുള്ളത്. മൂന്നാം വകുപ്പനുസരിച്ച് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസോ ആകണം ലോകായുക്ത. ഇത് മാറ്റി വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുമാകാമെന്ന ഭേദഗതി കൊണ്ടുവന്നു.

ലോകായുക്ത നിയമനത്തിന് പ്രായപരിധിയില്ലായിരുന്നു. അഞ്ചാം വകുപ്പിൽ വരുത്തിയ ഭേദഗതിപ്രകാരം 70 വയസ് പ്രായപരിധി കൊണ്ടുവന്നു.അഞ്ച് വർഷമോ 70 വയസോ ഏതാണോ ആദ്യം അതാകും ബാധകം.

ഏറ്റവും സുപ്രധാനമായതും വിവാദമായതുമായ ഭേദഗതി പതിനാലാം വകുപ്പിലേതാണ്. നിലവിലെ നിയമമനുസരിച്ച് അതിൽ പറയുന്നത് അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകൻ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അയാൾ സ്ഥാനത്ത് നിന്ന് മാറണമെന്ന് ലോകായുക്തയ്ക്ക് വിധിക്കാം. അത് കോംപിറ്റന്റ് അതോറിറ്റി അതേപടി അംഗീകരിക്കണം. കോംപിറ്റന്റ് അതോറിറ്റി എന്നു പറയുന്നത് ഗവർണറോ, മുഖ്യമന്ത്രിയോ സംസ്ഥാനസർക്കാരോ ആണ്. മന്ത്രിമാരുടെ കാര്യത്തിലാണെങ്കിൽ അംഗീകരിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നർത്ഥം. മുഖ്യമന്ത്രിയുടെ കാര്യമാണെങ്കിൽ ഗവർണർ. ഇത് മാറ്റി ലോകായുക്ത പുറപ്പെടുവിക്കുന്ന വിധി കോംപിറ്റന്റ് അതോറിറ്റി ഒരു ഹിയറിംഗ് നടത്തി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം എന്നാക്കി. ഇതിലൂടെ ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പ്രതിപക്ഷവാദത്തിന്

ബലമേകുന്നത്

പ്രതിപക്ഷവാദത്തിന് ബലമേകുന്നത് ലോകായുക്തയുടെ മുന്നിലിരിക്കുന്ന രണ്ട് കേസുകളാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയനേതാക്കൾക്ക് സഹായവിതരണത്തിന് വഴിമാറ്റിയെന്നതും കണ്ണൂർ വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഗവർണർക്ക് ശുപാർശക്കത്ത് നൽകിയെന്നതും.

ഇതിൽ ആദ്യത്തെ കേസിൽ മുഖ്യമന്ത്രിക്ക് പുറമേ കഴിഞ്ഞ ഒന്നാം പിണറായി മന്ത്രിസഭയിലെ 16 മന്ത്രിമാരും പ്രതിസ്ഥാനത്തുണ്ട്. അതിന്റെ അവസാനത്തെ ഹിയറിംഗ് ഫെബ്രുവരി നാലിനാണ്.

ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരായ പരാതി പരിഗണനയ്ക്കെടുക്കണോ എന്ന് ലോകായുക്ത തീരുമാനിക്കാനുള്ള വാദം കേൾക്കലാണ് ഫെബ്രുവരി ഒന്നിന്. ഫെബ്രുവരി നാലിന്റെ കേസിൽ ഹിയറിംഗിന് ശേഷം ഏതു ദിവസവും ലോകായുക്ത ഉത്തരവ് പുറപ്പെടുവിക്കാം എന്നതാണ് നില. ഇതിനെ മറികടക്കാനാണ് തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവന്നതെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നത് അതിനാലാണ്.

മുൻ മന്ത്രി കെ.ടി. ജലീലിനെതിരായ പരാതിയിൽ ലോകായുക്ത ഉത്തരവിനെതിരെ ജലീൽ സുപ്രീംകോടതി വരെ അപ്പീൽ പോയിട്ടും പ്രയോജനമുണ്ടായിട്ടില്ല. അദ്ദേഹത്തിന് രാജിവച്ചൊഴിയേണ്ടി വന്നു. മുഖ്യമന്ത്രിക്കെതിരായ കേസിൽ പ്രതികൂല വിധിയുണ്ടായാൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമോയെന്ന തോന്നലിലാണ് സർക്കാർ ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷവിമർശനം. പൊതുസമൂഹത്തെ മേൽപ്പറഞ്ഞ സാഹചര്യങ്ങളാൽ ഇക്കാര്യം ബോദ്ധ്യപ്പെടുത്തുന്നതിനും പ്രതിപക്ഷത്തിന് സാധിച്ചു. അതിന് ഇടതുമുന്നണിയിലെ തന്നെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ പരസ്യവിമർശനങ്ങൾ യു.ഡി.എഫിന് സഹായവുമായി.

നിയമതടസ്സ മില്ലെങ്കിലും...

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസുമായി മുന്നോട്ട് പോകുന്നതിന്, സർക്കാരിന് മുന്നിൽ നിയമതടസ്സങ്ങളൊന്നുമില്ലെന്ന് വിലയിരുത്തി മുന്നോട്ട് പോകാൻ സി.പി.എം നേതൃത്വം തിരക്ക് കൂട്ടുമ്പോഴാണ് സി.പി.ഐയുടെ അതൃപ്തി തലവേദനയായത്. എങ്കിലും മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമെന്ന നിലയ്ക്ക് മുന്നോട്ട് പോകാൻ തന്നെയാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപദിവസങ്ങളിലായി അനുനയം സൂചിപ്പിക്കുന്നത് അനുകൂലഘടകമായി സി.പി.എം കാണുന്നുമുണ്ട്. അദ്ദേഹം ഓർഡിനൻസിൽ ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷ അവരിൽ ശക്തിപ്പെടുന്നതും ഇതിനാലാണ്.

ഓർഡിനൻസ് രാഷ്ട്രീയ ചർച്ച കൂടാതെ പാസാക്കിയതിലുള്ള അതൃപ്തിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമാക്കിയത്. എന്നാൽ, ഭേദഗതി ഓർഡിനൻസ് പാസാക്കിയ മന്ത്രിസഭായോഗത്തിൽ സി.പി.ഐയുടേത് അടക്കമുള്ള മന്ത്രിമാർ മൗനികളായിരുന്നതിനാൽ ഒരു പരിധിക്കപ്പുറത്തേക്ക് സി.പി.ഐക്ക് വിഷയം കടുപ്പിക്കുന്നതിനും പരിമിതികളുണ്ട്.

ലോകായുക്തയുടെ വിധി കോംപിറ്റന്റ് അതോറിറ്റിയായ ഗവർണർ, മുഖ്യമന്ത്രി, സർക്കാർ എന്നിവയ്ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന ഭേദഗതി വരുത്തുമ്പോൾ തന്റെ മന്ത്രിസഭയിലെ അംഗമായ ഒരു മന്ത്രിക്കെതിരെ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി തന്നെയാകുന്ന നില വരുമെന്ന് പ്രതിപക്ഷം പറയുന്നു. ഇത് നീതിന്യായ വ്യവസ്ഥയനുസരിച്ചുള്ള സാമാന്യനീതിയുടെ നിഷേധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ഒരു പ്രധാനവാദം. ഒരാളും അയാളുടെ തന്നെ ജഡ്ജിയാവരുത് എന്ന ജുഡീഷ്യറിയുടെ സാമാന്യതത്വമാണ് അട്ടിമറിക്കപ്പെടുന്നത്.

എന്നാൽ, ഭരണഘടനയുടെ 163, 164 വകുപ്പുകൾ പ്രകാരം ഗവർണർക്കുള്ള അധികാരം കവരുന്ന നിയമവ്യവസ്ഥ മാറ്റുന്നത് ജനാധിപത്യപരമാണെന്നാണ് സർക്കാർ നിലപാട്. ലോകായുക്ത എന്നത് അർദ്ധ നീതിന്യായസംവിധാനമാണ്. ഗവർണറും മുഖ്യമന്ത്രിയും ഭരണഘടനാസ്ഥാപനങ്ങളും. അവയ്ക്ക് മേൽ ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനത്തിന് മേൽക്കോയ്മയുണ്ടാവുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് സർക്കാരിനെ അനുകൂലിക്കുന്ന നിയമവിദഗ്ദ്ധരുടെ വാദം.

രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയ നിയമമാണ് 1999ലെ ലോകായുക്ത നിയമം എന്നതിനാൽ അതിൽ ഭേദഗതി വരുത്തുന്നതിനും രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങണമെന്ന പ്രതിപക്ഷവാദത്തെയും സർക്കാർ തള്ളുന്നു. കോടതിയലക്ഷ്യ നിയമം ലോകായുക്തയ്ക്കും ബാധകമാക്കിയതിനാലാണ് 99ൽ രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങേണ്ടി വന്നത്. കോടതിയലക്ഷ്യ വ്യവസ്ഥ കൺകറന്റ് ലിസ്റ്റിൽ പെട്ടതിനാലാണത്. ഈ വ്യവസ്ഥ ഇപ്പോഴും മാറ്റിയിട്ടില്ല. ഭേദഗതി വരുത്തിയിരിക്കുന്നത് ലോകായുക്തയുടെ ഉത്തരവ് കോംപിറ്റന്റ് അതോറിറ്റി അംഗീകരിച്ചിരിക്കണമെന്ന വ്യവസ്ഥയിലാണ്.

കേന്ദ്രസർക്കാർ ലോക്പാൽ ബിൽ പാസാക്കിയ വേളയിൽ സംസ്ഥാനങ്ങളോട് നിലപാട് തേടിയിരുന്നു. ലോകായുക്ത നിലവിലിരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നുകിൽ അത് തുടരുകയോ അല്ലെങ്കിൽ ലോക്പാൽ നിയമപരിധിയിലേക്ക് വരികയോ വേണമെന്നാണ് നിർദ്ദേശിച്ചത്. കേരളം ലോകായുക്ത നിയമം തുടരാനാണ് തീരുമാനിച്ചത്. ലോക്പാൽ ബിൽ വന്നുകഴിഞ്ഞ ശേഷം സംസ്ഥാന ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തിയാൽ അത് ലോക്പാൽ ബില്ലിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമായിട്ടുള്ളതാണെങ്കിൽ കേന്ദ്രനിയമമേ നിലനിൽക്കൂ എന്നുണ്ട്. ഇപ്പോഴത്തെ ഭേദഗതി ലോക്പാൽനിയമത്തിലേതിന് വിരുദ്ധമല്ലാത്തതിനാൽ അതും പ്രശ്നമാകുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

സർക്കാരിന്റെ ഇത്തരം ന്യായവാദങ്ങളെല്ലാം തന്നെ മുഖവിലയ്ക്കെടുത്താലും ധൃതിപിടിച്ച് ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നത് ഉണർത്തുന്ന സംശയത്തിന്റെ മറനീക്കുക പ്രയാസമാകുമെന്ന് തന്നെയാണ് പൊതുസമൂഹത്തിന്റെ ബോദ്ധ്യം. സർക്കാർ എന്തിനെയോ ഭയപ്പെടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ഇതിനകം ഉയർന്നുവന്നിട്ടുള്ള ചർച്ചകൾ വഴിയൊരുക്കിയിട്ടുണ്ട്.

ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ അവിടെ ബില്ലായി ഇത് കൊണ്ടുവന്നിരുന്നെങ്കിൽ എല്ലാ വാദഗതികളും വിശദ ചർച്ചയ്ക്ക് വിധേയമാക്കപ്പെടുകയും സർക്കാരിന് സ്വന്തം ന്യായവാദങ്ങൾ നിരത്തി ബിൽ പാസാക്കിയെടുക്കുകയും ചെയ്യാമായിരുന്നുവെന്ന് ചിന്തിക്കുന്നവർ ഇടതുമുന്നണിക്കകത്തുണ്ട്. എല്ലാ വിവാദങ്ങളും അങ്ങനെയായിരുന്നെങ്കിൽ ഒഴിവായേനെ എന്നവർ പ്രതീക്ഷിക്കുമ്പോൾ ന്യായീകരണങ്ങൾ നിരത്തി കാര്യങ്ങളെ കൂടുതൽ വഷളാക്കുന്ന സി.പി.എം നേതൃത്വമാണ് വല്ലാതെ പൊല്ലാപ്പിലാകുന്നത്.