
ആറ്റിങ്ങൽ: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പരേഡിൽ ആറ്റിങ്ങൽ കോളേജിലെ എൻ.സി.സി കേഡറ്റ് ആകാശ്. ജി കേരളത്തിന്റെ അഭിമാനമായി.റിപ്പബ്ലിക്ക്ദിന പരിപാടികളിൽ സൈന്യത്തോടൊപ്പം പരേഡ് ചെയ്ത 100 പേർ ഉൾപ്പെട്ട രാജ്പത് ടീമിൽ കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിന് കീഴിലെ 1(കെ) ബറ്റാലിയൻ എൻ.സി.സി കേഡറ്റാണ് ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അണ്ടർ ഓഫീസർ ആകാശ് ജി. കല്ലമ്പലം മുത്താന ചെക്കാലവിളാകത്ത് വീട്ടിൽ ഗണേഷ്- ബിന്ദു ദമ്പതികളുടെ മകനാണ്.അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ മികച്ച പ്രകനം നടത്തിയാണ് ആകാശ് ടീമിൽ അംഗമായത്. ന്യൂഡൽഹിയിൽ നടന്ന ദേശീയ സെലക്ഷൻ ക്യാമ്പിൽ നിന്നാണ് അവസാന പ്രവേശനം ലഭിച്ചത്. 2022-ലെ റിപ്പബ്ലിക്ക്ദിന പരേഡിൽ ആകാശിനൊപ്പം ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനുമായ ജ്യേഷ്ഠൻ ആദർശും പങ്കെടുത്തിരുന്നു. രണ്ട് സഹോദരന്മാർക്കും ഒരുമിച്ച് റിപ്പബ്ലിക്ക്ദിന പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു അസുലഭ അവസരമാണെന്ന് കോളേജിലെ എൻ.സി.സി ഓഫീസർ ഡോ. സുനിൽ രാജ് പറഞ്ഞു. 28 ന് കരിയപ്പ ഗ്രൗണ്ടിൽ നടന്ന പി.എം റാലിയിൽ കമാൻഡറായിരുന്നതും ആകാശ് ജിയാണ്.