
തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാനും വിചാരണ അട്ടിമറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസിൽ പ്രമുഖ അഭിഭാഷകനെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ച് മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. പല പ്രതികൾക്കും സി.പി.എമ്മുമായി ബന്ധമുണ്ടെന്നും ഇതിന്റെ ഫലമായാണ് വിചാരണ അട്ടിമറിക്കുന്നതെന്നുമുള്ള വിമർശനം ശക്തമാണ്.
സി.പി.എമ്മിന് താത്പര്യമുള്ള ക്രിമിനലുകളെ സംരക്ഷിക്കാൻ ഖജനാവിൽ നിന്ന് വൻതുക ചെലവഴിച്ച് പ്രമുഖ അഭിഭാഷകരെ കൊണ്ടുവരാൻ കാണിക്കുന്ന ശുഷ്‌കാന്തിയുടെ ഒരംശമെങ്കിലും മധു കേസിന്റെ നടത്തിപ്പിന് സർക്കാർ പ്രകടിപ്പിക്കണം. സർക്കാരിന്റെ അലംഭാവത്തിലും കെടുകാര്യസ്ഥതയിലും മനംമടുത്താണ് കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.