
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്ത് പാസാക്കിയ ലോകായുക്ത നിയമം ദീർഘദൃഷ്ടിയില്ലാത്തതും ഇടതുപക്ഷത്തിന് ചതിക്കുഴിയാകുമെന്ന് മുൻകൂട്ടി കാണാത്തതുമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനം കറ തീർന്ന രാഷ്ട്രീയ അവസരവാദമാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു പറഞ്ഞു. അന്നന്ന് വാഴുന്നവരെ വാഴ്‌ത്തുന്ന കുടില രാഷ്ട്രീയതന്ത്രം ആ പദവിക്ക് യോജിച്ചതല്ല. ഗവർണറിൽ നിന്ന് ഉണ്ടാകാനിടയുള്ള ചതിപ്രയോഗം മുൻകൂട്ടിക്കണ്ട് ഇപ്പോഴത്തെ മുഖ്യമന്ത്രി നടപടിയെടുത്തതിനാലാണ് മന്ത്രിസഭ തകരാതിരിക്കുന്നതെന്ന് കോടിയേരി പറയുന്നത് എന്ത് ഭോഷ്കാണ്. സി.പി.എം യഥാർത്ഥത്തിൽ പേടിക്കുന്നത് ലോകായുക്തയെ ആണ്. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും അഴിമതിയാരോപണത്തിൽ കുടുങ്ങിയതിനാലാണ് ധൃതിപിടിച്ച് ഓർഡിനൻസ് ഇറക്കിയതെന്ന് ആർക്കാണറിയാത്തതെന്നും കെ. ബാബു ചോദിച്ചു.