ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതാ വികസനമുരടിപ്പിനെതിരെ ജനകീയവേദി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കൊടിനട - വഴിമുക്ക് വികസനം എത്രയും വേഗം പൂർത്തിയാക്കുക,​ ഭൂമി നഷ്ടമാകുന്നവർക്ക് മാർക്കറ്റ് വിലയും നഷ്ടപരിഹാരവും നൽകുക,​ കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും ജീവനക്കാർക്കും നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുക,​ വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കുക,​ അപകടമുനമ്പായ നസ്രത്ത് ഹോം സ്‌കൂളിന് സമീപം ഓവർബ്രിഡ്ജ് നിർമ്മിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തുടർ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ജനകീയവേദിയുടെ തീരുമാനം. യോഗത്തിൽ ചെയർമാൻ എച്ച്.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബാരി ഫക്കീർഖാൻ,​ സനൽകുമാർ,​ സത്യൻ,​ തേജസ് നസീർ,​ ജെ.എം. സുബൈർ,​ ലിയാക്കത്ത്,​ ഹാജ,​ നീതി സജ്ജാദ് സഹീർ എന്നിവർ സംസാരിച്ചു.