വേദന സംഹാരിയെന്ന നിലയിൽ കൊവിഡ് രോഗികൾ ഉൾപ്പെടെ കഴിക്കുന്നു
മാരക ഗുളികയുടെ വില്പന നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കൊവിഡ് കാലത്ത് വേദന സംഹാരി എന്ന നിലയിൽ സംസ്ഥാനത്ത് വ്യാപകമായി
വിറ്റഴിക്കുന്ന ടൈഡോൾ ഗുളിക നിരന്തരം ഉപയോഗിച്ചാൽ സിരകളിൽ ലഹരി പടർത്തി ക്രമേണ മരണത്തിലേക്ക്
നയിക്കുമെന്ന് സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് ഈ ഗുളിക നിയന്ത്രിത ഔഷധങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. ഈ പട്ടികയിലായാൽ ഡോക്ടറുടെ കുറിപ്പടി അനുസരിച്ചു മാത്രമേ വില്ക്കാനും വാങ്ങാനും കഴിയൂ.
വേദന സംഹാരിയായി ടൈഡോളിന്റെ 50 എം.ജി, 100 എം.ജി ഗുളികകളാണ് ഉപയോഗിക്കുന്നത്. ഡോക്ടർമാരുടെ ഉപദേശമോ, കുറിപ്പടിയോ ഇല്ലാതെയാണിത്. ഉറക്ക ഗുളികയായും മെഡിക്കൽ സ്റ്റോറുകളിൽ വിറ്റഴിക്കുന്നുണ്ട്. കൂടിയ അളവിൽ ഉപയോഗിച്ചാൽ ഇത്
മയക്കു മരുന്നിന് പകരമാവുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അമിതവും, വിട്ടുമാറാത്തതുമായ വേദനയ്ക്കാണ് സാധാരണ ടൈഡോൾ ഗുളിക ഉപയോഗിക്കുന്നത്. തുടക്കത്തിൽ ലഹരിയായി സിരകളിൽ പടരും. ക്രമേണ നാഡീവ്യൂഹത്തെ ബാധിക്കും. പിന്നെ രോഗിയെ മരണത്തിന്റെ വാതിൽക്കലേക്ക് നയിക്കും.
മരുന്നിലെ ടാപെന്റഡോൾ എന്ന രാസഘടകം കൂടുതലായി ഉള്ളിലെത്തുമ്പോഴാണ് ലഹരി കൂടുന്നത്. ടൈഡോൾ ഗുളിക സ്ഥിരമായി ഉപയോഗിക്കുന്നതിൽ പാർശ്വഫലങ്ങൾ കണ്ടെത്തി.ഷെഡ്യൂൾ ഡ്രഗ് ഓഫ് എൻ.ഡി.പി.എസ് ആൻഡ് കോസ്മെറ്റിക് റൂൾസ് ആക്ട് 1985 ന്റെ പരിധിയിൽ ഈ മരുന്നിനെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന സർക്കാർ ഉടൻ കേന്ദ്ര സർക്കാരിന് കത്തയക്കും.
₹ടൈഡോളിന്റെ
പാർശ്വ ഫലങ്ങൾ
ചിത്തഭ്രമം, വിഷാദം,വയറിളക്കം, അമിത ബലഹീനത, വയറ്റിൽ മർദ്ദം, ചിന്താക്കുഴപ്പം,ആസ്തമ,മയക്കം,
തലവേദന
'' ടൈഡോൾ പടർത്തുന്ന ലഹരിയുടെ ഹരം യുവാക്കളെ അതിന്റെ അടിമകളാക്കും. വിൽപ്പനയിൽ നിയന്ത്രണത്തിന് സർക്കാർ അടിയന്തര നടപടിയെടുക്കണം''
-ഡോ. എബ്രഹാം വർഗീസ്,
മുൻ പ്രസിഡന്റ് ,ഐ.എം.എ
''ശ്വാസ തടസത്തിനും ദീർഘ അബോധാവസ്ഥയ്ക്കും മരണത്തിനും വരെ ടൈഡോൾ കാരണമാകുന്നുണ്ടെന്നാണ്
കണ്ടെത്തൽ. ഉപയോഗം നിയന്ത്രിക്കുന്നതിന് സർക്കാർ സത്വര നടപടി കൈക്കൊള്ളും .''
- എം.വി.ഗോവിന്ദൻ
എക്സൈസ് മന്ത്രി