p

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ പട്ടികവർഗ വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് അധിക തൊഴിൽ നൽകാനായെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രസർക്കാർ നൽകുന്ന തൊഴിൽദിനങ്ങൾക്കു പുറമേ 15,287 കുടുംബങ്ങൾക്ക് 3,58,000 തൊഴിൽദിനങ്ങൾ അധികമായി നൽകിയതായും ഈ വർഷം പരമാവധി കുടുംബങ്ങൾക്ക് 200 തൊഴിൽദിനങ്ങൾ വരെ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 32ാമത് സംസ്ഥാന തൊഴിലുറപ്പ് പദ്ധതി കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ 10 കോടി രൂപ ട്രൈബൽ പ്ലസ് പദ്ധതിയുടെ ഒന്നാം ഗഡുവായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന് നൽകിയിട്ടുണ്ട്. അടുത്ത ഗഡുവായി 9.97 കോടി അനുവദിച്ചിട്ടണ്ടെന്നും മന്ത്രി അറിയിച്ചു.