photo

തിരുവനന്തപുരത്തെ ഔട്ടർ റിംഗ്‌റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചത് നഗര വികസനത്തിന് പുതിയമുഖം നൽകും. ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ദേശീയപാത അതോറിട്ടിയെ കേന്ദ്രം ചുമതലപ്പെടുത്തി. നഗരത്തിന്റെ വികസനത്തിന് വേഗം പകരാൻ പദ്ധതി വളരെയേറെ ഗുണം ചെയ്യും. സമയ ബന്ധിതമായി പദ്ധതി പൂർത്തിയാക്കാനുള്ള ശുഷ്കാന്തി സംസ്ഥാനവും ദേശീയപാത അതോറിട്ടിയും പുലർത്തുമെന്ന് പ്രതീക്ഷിക്കാം. വിഴിഞ്ഞം തുറമുഖത്തുനിന്ന് തുടങ്ങി നഗരത്തിന് പുറത്തുള്ള പഞ്ചായത്തുകളിലൂടെയാണ് ഔട്ടർ റിംഗ് റോഡ് കടന്നുപോകുന്നത്. വെങ്ങാനൂർ, കല്ലിയൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, പോത്തൻകോട്, കരകുളം, തേക്കട, നാവായിക്കുളം പഞ്ചായത്തുകളിലൂടെയാണ് പാത. 78.88 കിലോമീറ്റർ ദൂരത്തിൽ 70 മീറ്റർ വീതിയിലാവും നിർമ്മാണം. തേക്കട നിന്ന് മംഗലപുരത്തേക്ക് നീളുന്ന 13.25 കിലോമീറ്റർ ട്രങ്ക് റോഡ് ഉൾപ്പെടെയാണ് പദ്ധതി. വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുള്ള പ്രത്യേക സാമ്പത്തിക മേഖലയും ഇതിനോട് ചേർന്നുണ്ടാകും. റോഡ് വന്നാൽ ഇരുവശത്തും വികസനം തനിയെ വരും. കഴക്കൂട്ടം കോവളം ബൈപാസിന് ഇരുവശത്തുമായി കോടികളുടെ നിക്ഷേപങ്ങളാണ് സ്വകാര്യ മേഖലയിൽ നിന്നുണ്ടായത്. ആയിരക്കണക്കിന് പേർക്ക് ജോലി ലഭിക്കാനും അവസരമൊരുക്കി. അടിസ്ഥാന സൗകര്യ വികസനം സർക്കാർ പൂർത്തിയാക്കിയാൽ നിക്ഷേപകർ സ്വാഭാവികമായി വന്നുകൊള്ളും. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ ചരക്ക് ഗതാഗതത്തിന് അനുയോജ്യമായ റോഡുകൾ വന്നേ മതിയാകൂ. ഔട്ടർ റിംഗ് റോഡിന്റെ വരവ് ഗതാഗതത്തിനും വ്യാവസായിക ഉന്നമനത്തിനും പുതിയ കുതിപ്പ് നൽകും. ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ചെലവായി 8200 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നാലുവരിപ്പാതയും 10 മീറ്റർ വീതിയിൽ സർവീസ് റോഡും സമാന്തരമായി ഉണ്ടാകും. റോഡിന് മാത്രമായി 600 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. പലപ്പോഴും സ്ഥലമെടുപ്പ് താമസിക്കുന്നതാണ് പദ്ധതികൾ ഇഴയാൻ ഇടയാക്കുന്നത്. പദ്ധതി വൈകുംതോറും ചെലവും കൂടും. സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്റെ സത്വരമായ ഇടപെടൽ ആവശ്യമാണ്. സ്ഥലം വിട്ടുനൽകുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുന്നതിനൊപ്പം മറ്റ് സൗജന്യങ്ങളും നൽകണം. കടകളും മറ്റും നഷ്ടപ്പെടുന്നവർക്ക് സർക്കാർ ബിസിനസ് കോംപ്ളക്സ് നിർമ്മിച്ച് സൗജന്യ നിരക്കിൽ കടമുറികൾ അനുവദിക്കുന്നതും പരിഗണിക്കണം. അങ്ങനെ വരുമ്പോൾ സ്ഥലം വിട്ടുകൊടുക്കാനുള്ള എതിർപ്പ് വലിയൊരളവ് വരെ കുറയും. നിലവിലുള്ള രണ്ട് വലിയ പാതകളും 13 വലിയ പാലങ്ങളും 14 ചെറിയ പാലങ്ങളും മുറിച്ച് കടന്നായിരിക്കും ഔട്ടർ റിംഗ് റോഡ് കടന്നുപോകുക. മൊത്തത്തിൽ 400 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരിക. 45 മീറ്റർ റോഡ് നിർമ്മാണവും സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം ചെലവും കേന്ദ്രം വഹിക്കും. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാനമാണ് വഹിക്കേണ്ടത്. 2013 മുതൽ റിംഗ് റോഡ് പദ്ധതിയെക്കുറിച്ച് ചർച്ച തുടങ്ങിയെങ്കിലും ഇപ്പോഴാണ് ജീവൻവച്ചത്. തിരുവനന്തപുരം നഗരം ഇപ്പോഴുള്ള സിറ്റി​ക്കു പുറത്തേക്ക് പടർന്ന് പന്തലിക്കാൻ ഇടയാക്കുന്നതാണ് പദ്ധതി. അതുമായി ബന്ധപ്പെട്ട മാലിന്യ നിർമ്മാർജ്ജനം, കുടിവെള്ളലഭ്യത തുടങ്ങിയവയെക്കുറിച്ച് ഇപ്പോൾത്തന്നെ ചിന്തിക്കണം. നഗരം വളരുന്നത് നല്ലതാണ്. പക്ഷേ വീർപ്പുമുട്ടാൻ ഇടയാകരുത്. അതിനുവേണ്ട ആസൂത്രണമാണ് ഉണ്ടാകേണ്ടത്.