
ഇന്ന് അവശ്യ സർവീസ് മാത്രം
തിരുവനന്തപുരം: ഞായറാഴ്ച നിയന്ത്രണമായ ഇന്ന് ജില്ലയിൽ പൊലീസ് കർശന പരിശോധന നടത്തും. നഗരാതിർത്തിയിൽ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലും ഗ്രാമപരിധിയിൽ റൂറൽ എസ്.പിയുടെ നേതൃത്വത്തിലുമാണ് പരിശോധന.
സുരക്ഷാ പരിശോധനകൾ നടത്തുന്നതിനായി ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ രണ്ടു വീതം ജീപ്പ്, ബൈക്ക് പട്രോളിംഗ് നടത്തും. ഇതിനായി ട്രാഫിക് വിഭാഗത്തിൽ നിന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഗ്രാമ - നഗര അതിർത്തി പ്രദേശങ്ങളിൽ ബാരിക്കേഡ് നിരത്തി പരിശോധന നടത്തും.
ഇവിടെ വാഹനങ്ങൾ കർശന പരിശോധനകൾക്ക് ശേഷമേ കടത്തിവിടുകയുള്ളൂ. കൺട്രോൾ റൂം വാഹനങ്ങൾ,ഹൈവേ പൊലീസ്,ബൈപ്പാസ് ബീക്കൺസ്, ചീറ്റ പട്രോൾ, പിങ്ക് പൊലീസ് എന്നീ വിഭാഗങ്ങളും പരിശോധന നടത്തും.
അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും മറ്റു അവശ്യ സർവീസ് വിഭാഗത്തിനും മാത്രമേ യാത്രകൾ അനുവദിക്കൂ. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കരുതണം. ദീർഘദൂര ബസ്, ട്രെയിൻ, വിമാനയാത്രക്കാർക്ക് യാത്രാരേഖകൾ കാണിച്ചു സ്റ്റേഷനുകളിലെത്താൻ യാത്ര അനുവദിക്കും.
രോഗികൾ, സഹയാത്രികർ, വാക്സിൻ എടുക്കാൻ പോകുന്നവർ, പരീക്ഷാർത്ഥികൾ, ശുചീകരണ തൊഴിലാളികൾ, അടിയന്തര വാഹന അറ്റകുറ്റപ്പണിക്കായി പോകുന്ന വർക്ക്‌ഷോപ്പ് ജീവനക്കാർ, 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് യാത്ര അനുവദിക്കും. ഇവർ ഐ.ഡി കാർഡും പരീക്ഷാർത്ഥികൾ ഹാൾടിക്കറ്റും കൈയിൽ കരുതണം.
മെഡിക്കൽ സ്റ്റോറുകളും മറ്റു അവശ്യ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. റസ്‌റ്റോറന്റുകളും ബേക്കറികളും രാവിലെ 7 മുതൽ രാത്രി 9 വരെ ടേക് എവേ, ഹോം ഡെലിവറി സംവിധാനത്തിൽ പ്രവർത്തിക്കണം. രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ ഇകൊമേഴ്സ്, കൊറിയർ സേവനങ്ങൾ അനുവദിക്കും.
വ്യാപാര സ്ഥാപനങ്ങൾ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും.
നഗരാതിർത്തി പ്രദേശങ്ങളായ 18 സ്ഥലങ്ങൾ പൊലീസ് ബാരിക്കേഡ് വച്ച് പൂർണമായും അടച്ചു വാഹന പരിശോധന നടത്തും. അതോടൊപ്പം നഗരത്തിനുള്ളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് രണ്ട് തലങ്ങളായി തിരിച്ചാണ് വാഹന പരിശോധന നടത്തുന്നത്. മേഖല ഒന്നിൽ 38 ചെക്കിംഗ് പോയിന്റുകളും മേഖല രണ്ടിൽ 27 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്.