thu

കിളിമാനൂർ: വീടുകൾ കേന്ദ്രീകരിച്ച് റബർ ഷീറ്റ് മോഷണം നടത്തിയ പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ, കല്ലിയോട് പടിഞ്ഞാറ്റത്തിൽ വീട്ടിൽ തുളസീധരൻ (45) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ തട്ടത്തുമല വല്ലുർ പ്രദീപിന്റെ വീടിന്റെ പുറകുവശത്ത് സൂക്ഷിച്ചിരുന്ന അമ്പതോളം വരുന്ന റബർഷീറ്റ് മോഷണം പോയിരുന്നു. തുടർന്ന് കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് സി.സി.ടി.വി കാമറയും വാഹനപരിശോധനയും നടത്തിയതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ മതിലിനു മുകളിൽ നിന്ന് വീണ് പ്രതിയുടെ കൈ ഒടിഞ്ഞിരുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ, ഏനാത്ത് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തിരുവനന്തപുരം ജില്ലയിലെ നഗരൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പതിനഞ്ചോളം മോഷണ കേസുകൾ നിലവിലുണ്ട്. റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കിളിമാനൂർ എസ്.ഐ സത്യദാസ്, രാജേന്ദ്രൻ, എ.എസ്.ഐ താഹിർ, വിനോദ്, സി.പി.ഒമാരായ റിയാസ്, സുനിൽ, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.