photo

പാലോട്: ആനാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ടെസ്റ്റുകളോ ജീവൻരക്ഷാമരുന്നുകളോ ഇല്ലെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ആരോപിച്ചു. കൊവിഡ് രോഗ ലക്ഷണം ഉള്ളവർ പ്രൈവറ്റ് ലാബുകളെ ആശ്രയിച്ച് ടെസ്റ്റ് നടത്തേണ്ട അവസ്ഥയിലാണ്. ഏകദേശം 35 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യമൊരുക്കി ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ എന്നിവരെ ഉൾപ്പെടുത്തി ആനാടും കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. കഴിഞ്ഞ ഭരണസമിതി ഇൻസുലിനും വൃക്കരോഗികൾക്കുള്ള മരുന്നുമായി ഏകദേശം രണ്ടര ലക്ഷം രൂപ അധികമായി ചിലവഴിക്കുകയും ചെയ്തു. കൊവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോൾ ആന്റിജൻ ടെസ്‌റ്റോ ആർ.ടി.പി.സി.ആർ

ടെസ്‌റ്റോ ഇവിടെ ഇല്ല. ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളും ദിവസങ്ങളായി ഇവിടെ ഇല്ലാത്തതും പ്രമേഹ ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്ന് ഇവിടെ ഇല്ലാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പുറത്തുനിന്നും വാങ്ങാൻ പറ്റാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയെ അവഗണിക്കുന്ന ഭരണസമിതിയുടെ ഈ പോക്ക് മുന്നോട്ടുപോയാൽ പൊതു ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആനാട് സുരേഷ് അറിയിച്ചു.