
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ അനുവദിച്ച യാത്രാ സൗജന്യം കാൻസർ രോഗികളുടേതിന് സമാനമാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച് പഞ്ചാപകേശൻ ഗതാഗത വകുപ്പ് സെക്രട്ടറിയോടും കെ.എസ്.ആർ.ടി.സി എം.ഡിയോടും ശുപാർശ ചെയ്തു. ഭിന്നശേഷിക്കാരന് വീട്ടിൽ നിന്ന് 40 കിലോമീറ്ററായിരുന്നു സൗജന്യയാത്ര അനുവദിച്ചിരുന്നത്.
യാത്രാ ആനുകൂല്യത്തിന് കുടുംബത്തിന്റെ വാർഷിക വരുമാനം 15,000 രൂപയായിരിക്കണമെന്ന നിബന്ധനയും ബാധകമായിരുന്നു. എന്നാൽ ഭിന്നശേഷിക്കാർക്ക് നിശ്ചയിച്ചിരിക്കുന്ന വരുമാന പരിധി ഒരുലക്ഷം രൂപയായും യാത്രാ ആനുകൂല്യത്തിന്റെ ദൂരപരിധിയിൽ ഇളവ് വരുത്തി കാൻസർ രോഗികളുടെ ആനുകൂല്യത്തിന് സമാനമാക്കണമെന്നുമാണ് കമ്മിഷണർ ശുപാർശ ചെയ്തിരിക്കുന്നത്. ഗുരുതരമായ രോഗങ്ങൾ ബാധിച്ച ഭിന്നശേഷിക്കാർക്ക് ദൂര സ്ഥലങ്ങളിൽ ചികിത്സയ്ക്ക് പോകേണ്ട സാഹചര്യം മുൻനിറുത്തിയാണ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കമ്മിഷണർ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.