
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം നൽകിയ പരാതികളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ നൽകിയ നിവേദനത്തിലും എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ കത്തിന്മേലുമാണ് വിശദീകരണം തേടിയത്.
ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിശദീകരണം ആരാഞ്ഞുകൊണ്ട് നിവേദനത്തിന്റെയും കത്തിന്റെയും പകർപ്പുകൾ രാജ്ഭവനിൽ നിന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചു. പരാതി ലഭിച്ചാൽ വിശദീകരണം തേടുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചത്.
സർക്കാർ വിശദീകരിക്കേണ്ട കാര്യങ്ങൾ
 ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പിലെ ഭേദഗതിക്ക് നിലവിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമായത് കൊണ്ടാണെന്ന് സർക്കാർ പറയുന്നു. ബിൽ കൊണ്ടുവരുമ്പോൾ ഭരണഘടനാവിരുദ്ധമാകാതിരുന്നത് ഇപ്പോൾ ആകുന്നതെങ്ങനെ.
 ഒരു കോടതിയും 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞിട്ടില്ല.
 പാർലമെന്റോ നിയമസഭയോ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമെന്ന് പറയാൻ കോടതിക്കേ സാധിക്കൂവെന്ന് സുപ്രീംകോടതി വിധിയുണ്ട്.
 ബിൽ അവതരിപ്പിച്ചപ്പോൾ രാഷ്ട്രപതിയുടെ അനുമതി തേടിയ സ്ഥിതിക്ക് ഭേദഗതി ഓർഡിനൻസും രാഷ്ട്രപതിക്ക് അയയ്ക്കണം.
 പുതിയ ഭേദഗതി ലോക്പാൽ നിയമത്തിന് എതിരാണോയെന്ന് പരിശോധിക്കേണ്ടതും രാഷ്ട്രപതി.
 ലോകായുക്തയുടെ കണ്ടെത്തലുകൾക്ക് ശുപാർശയുടെ സ്വഭാവമേയുള്ളൂവെന്ന ഹൈക്കോടതി വിധികൾ ഭേദഗതിയിൽ നിർദ്ദേശിക്കുന്ന പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടതല്ല.
ലോകായുക്തയിൽ സി.പി.എം
പ്രതീക്ഷ ഗവർണറിൽ
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണറിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ സി.പി.എം. ഇതിനായുള്ള ഇടപെടൽ സർക്കാർ അനൗദ്യോഗികമായി രാജ്ഭവനുമായി നടത്തുന്നതായാണ് സൂചന.
ഫെബ്രുവരി പകുതിക്ക് ശേഷം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാസമ്മേളനം ആരംഭിക്കണം. മുഖ്യമന്ത്രി ഗൾഫിൽ നിന്നെത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനമാകും.
മുഖ്യമന്ത്രി ഗവർണറെ കാണുന്നതിന് മുമ്പ് ഗവർണർ ഓർഡിനൻസിൽ ഒപ്പിടുമെന്നാണ് സി.പി.എം കരുതുന്നത്. വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യപ്രതികരണത്തിന് മുതിരാത്തത് അനുകൂല ഘടകമായി സി.പി.എം കാണുന്നു. ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ ഓർഡിനൻസ് തിടുക്കപ്പെട്ട് ഇറക്കിയതിൽ സി.പി.ഐ പ്രകടിപ്പിച്ച അതൃപ്തി സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കിയെന്ന തോന്നലുണ്ടെങ്കിലും തത്കാലം കൂടുതൽ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് സി.പി.എം. മന്ത്രിസഭായോഗം അംഗീകരിച്ച സ്ഥിതിക്ക് ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ കടമ്പകൾ കടന്നുകിട്ടുമെന്നാണ് സി.പി.എം വിലയിരുത്തൽ. ഗവർണർ ഓർഡിനൻസ് നിരാകരിച്ചാലേ കൂടുതൽ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ.
അതേസമയം പ്രതിപക്ഷം ഉയർത്തിയ ആക്ഷേപങ്ങളിലടക്കം നിയമവിദഗ്ദ്ധരുമായി സംസാരിച്ച് ഗവർണർ സംശയദൂരീകരണം നടത്തുന്നുണ്ട്.
അതേസമയം, ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യുന്നതടക്കം പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.