muraleedharan

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദമുഖങ്ങൾ സഹതാപാർഹമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളം നിയമിക്കുന്ന ലോകായുക്ത ഉപയോഗിച്ച് കേന്ദ്രം സർക്കാരിനെ എങ്ങനെ അസ്ഥിരപ്പെടുത്തും. എന്തിനും മോദിയെ കുറ്റപ്പെടുത്തുന്ന കോടിയേരിയുടെ വാദത്തിന്റെ യുക്തി മനസിലാകുന്നില്ല. സിൽവർ ലൈൻ ഹരിത പദ്ധതിയാണെന്ന് പറയുന്നതുപോലെയാണ് ലോകായുക്ത ഭേദഗതി ജനാധിപത്യം രക്ഷിക്കാനാണെന്ന് പറയുന്നത്. ഓർഡിനൻസുകൾക്കെതിരെ നിരന്തരം സംസാരിക്കുന്ന സി.പി.എമ്മാണ് നിയമസഭ കൂടാനിരിക്കെ അത് കൊണ്ടുവരുന്നത്. ഓർഡിനൻസിലൂടെ മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കസേര രക്ഷിക്കാനാണ് നീക്കം. അഴിമതിയോടുള്ള സി.പി.എമ്മിന്റെ കാപട്യമാണ് പുറത്തുവന്നത്. നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറണം. ലോകായുക്ത നിയമത്തിൽ ഭേഗതി വേണ്ടെന്നാണ് ബി.ജെ.പി നിലപാട്. ജുഡിഷ്യറിയുടെ അധികാരം കവർന്നെടുക്കുന്ന നീക്കമാണിത്. അപ്പലേറ്റ് അതോറിട്ടി ആവശ്യമെങ്കിൽ ഹൈക്കോടതി നിശ്ചയിക്കട്ടെന്നും അഴിമതിയെ സംരക്ഷിക്കുന്ന ശ്രമത്തിന് കൂട്ടുനിൽക്കരുതെന്ന് ഗവർണർ അഭ്യർത്ഥിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.