
തിരുവനന്തപുരം: എറണാകുളം മെഡിക്കൽ കോളേജിൽ പുതുതായി എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് കേന്ദ്ര സർക്കാർ 23.75 കോടി രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. നൂതന സംവിധാനത്തോടെയുള്ള എമർജൻസി കെയർ, ക്രിട്ടിക്കൽ കെയർ, അത്യാഹിത വിഭാഗം എന്നിവ ഈ ബ്ലോക്കിൽ സജ്ജമാക്കും. അത്യാഹിത വിഭാഗത്തിനോടനുബന്ധിച്ച് ട്രയാജ് സംവിധാനം, അൾട്രാ സൗണ്ട്, സി.ടി സ്‌കാൻ സംവിധാനം എന്നിവയുണ്ടാകും. മുകളിലത്തെ നിലകളിൽ ട്രോമ കെയർ ചികിത്സയ്ക്കുള്ള ഓപ്പറേഷൻ തിയേറ്ററുകൾ, സ്‌പെഷ്യലൈസ്ഡ് ഐസിയു റൂമുകൾ, ചെറിയ വാർഡുകൾ, ലാബ് ടെസ്റ്റിംഗ് സൗകര്യം എന്നിവയുണ്ടാകും. മെഡിക്കൽ കോളേജിന്റെ ഭാഗമായ 48 സെന്റ് സ്ഥലത്താണ് ഈ കെട്ടിടം നിർമ്മിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.