hariharan

ആലുവ: പെരിയാറിന്റെ കൈവഴിയായ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലുവ അശോകപുരം പെട്രോൾപമ്പിന് പിൻവശം കനാൽ പുറമ്പോക്കിൽ താമസിക്കുന്ന എം. രാജന്റെ മകൻ കണ്ണനെന്ന് വിളിക്കുന്ന ഹരിഹരനാണ് (23) മരിച്ചത്. തമിഴ്നാട് സ്വദേശിയായ രാജൻ വർഷങ്ങളായി അശോകപുരത്താണ് താമസിക്കുന്നത്.

നാല് സുഹൃത്തുക്കൾക്കൊപ്പമാണ് കണ്ണൻ കുളിക്കാനിറങ്ങിയത്. കുഴഞ്ഞുപോയ ഇയാൾ പുഴയിലേക്ക് ചാഞ്ഞുകിടന്ന മരത്തിന്റെ ചില്ലയിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. ഫയർഫോഴ്‌സ് സ്‌കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആറോടെ മൃതദേഹം കണ്ടെടുത്തു.

മാതാവ്: ലക്ഷ്മി. സഹോദരി: രാധിക.