
കിളിമാനൂർ:രണ്ടു ദിവസമായി കിളിമാനൂരിലും പരിസരപ്രദേശത്തും നടന്ന പ്രത്യേക വാഹന പരിശോധനയിൽ ലൈസൻസില്ലാതെ വാഹനം ഒാടിച്ച നിരവധി പേർ കുടുങ്ങി. ജില്ലാ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച നിരവധി പേർ പിടിയിലായത്. ഇൻഷ്വറൻസ് ഇല്ലാത്തവരും ഹെൽമെറ്റ് ധരിക്കാത്തവർക്കും പിഴ കിട്ടി. ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് നഗരത്തിൽ പാർക്ക് ചെയ്തവരും കുടുങ്ങി.മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സജി,വിജേഷ്,മുരളീധരൻ പിള്ള എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.