
കിളിമാനൂർ:കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനവാസമേഖലയിൽ ഹോട്ടൽ മാലിന്യം ഒഴുക്കിയ ടാങ്കർ ഡ്രൈവർ അറസ്റ്റിൽ.നെല്ലിക്കുന്ന് മുതൽ ചെമ്പകശേരി വരെയുള്ള ജനവാസ മേഖലയിലെ റോഡിന് വശത്ത് ഹോട്ടൽ മാലിന്യം ടാങ്കറിൽ കൊണ്ടുവന്ന് തള്ളിയ കേസിൽ ആലപ്പുഴ ജില്ലയിൽ ചുനക്കര മഹാദേവ ക്ഷേത്രത്തിനു സമീപം തറയിൽ പടിയാട്ടിത്തിൽ വീട്ടിൽ അജിത്ത് സലീമാണ് (25) പിടിയിലായത്.വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പഴയകുന്നുമ്മൽ പഞ്ചായത്ത് നൽകിയ പരാതിയിലാണ് നടപടി.ഡിസംബർ 15ന് പുലർച്ചെ ഒരു മണിക്ക് പ്രദേശത്ത് കൊണ്ടുവന്ന് മാലിന്യം ഒഴുക്കി വിടുകയായിരുന്നു.റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന്റെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ്.ഐ സത്യദാസ്,രാജേന്ദ്രൻ,എ.എസ്.ഐ താഹിർ,വിനോദ് കുമാർ,സി.പി.ഒമാരായ റിയാസ്,സുനിൽ അരുൺ എന്നിവർ ചേർന്നാണ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.