
തിരുവനന്തപുരം: ഏറെ വിവാദമായ ഫോക്കസ് ഏരിയ വിഷയത്തിൽ എതിർക്കുന്ന അദ്ധ്യാപകരെ പരോക്ഷമായി വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ഇന്ന് തുടങ്ങുന്ന പ്ളസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാ ഒരുക്കങ്ങളെപ്പറ്റി അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു വിമർശനം. അദ്ധ്യാപകരുടെ ജോലി പഠിപ്പിക്കലാണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ഓരോ ചുമതല നിശ്ചയിച്ചിട്ടുണ്ട്. അവർ ആ ചുമതല നിർവഹിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങൾ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തയാറെടുപ്പുകൾ നടത്തേണ്ടി വന്നു. സർക്കാർ എന്നും വിദ്യാർത്ഥി പക്ഷത്താണ്. ഏതു കാര്യത്തെയും കണ്ണുമടച്ച് വിമർശിക്കുന്നവരെ പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എസ്.എസ്.എൽ.സി, പ്ളസ് ടു പൊതുപരീക്ഷകളിൽ ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് ചോദ്യങ്ങൾ കൂടുതലായി വരുന്നതിനെതിരെ പല അദ്ധ്യാപകരും രംഗത്തെത്തിയിരുന്നു. ഭരണപക്ഷ അനുകൂല അദ്ധ്യാപകരടക്കം തങ്ങളുടെ വിയോജിപ്പ് സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ പരോക്ഷ വിമർശനം.
മന്ത്രിയുടെ നിലപാട് ജനാധിപത്യത്തിന്
യോജിച്ചതല്ല: കെ.പി.എസ്.ടി.എ
തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിക്കാൻ അദ്ധ്യാപകർക്ക് സ്വാതന്ത്ര്യമില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. എല്ലാ കാലത്തും പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് അദ്ധ്യാപക സംഘടനകളുമായി ആലോചിക്കുമായിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി മാത്രമാണ് ഇത്തരത്തിൽ ഏകപക്ഷീയമായി പെരുമാറുന്നത്. വിദ്യാർത്ഥികളെയും പൊതുവിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുന്ന ഫോക്കസ് ഏരിയ നിർണയവുമായി ബന്ധപ്പെട്ട് ആലോചനയൊന്നും സംഘടനാ പ്രതിനിധികളുമായോ കരിക്കുലം കമ്മിറ്റി അംഗങ്ങളുമായോ നടത്തിയിട്ടില്ല. തീരുമാനം പുനഃപരിശോധിച്ച് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ സംസ്ഥാനത്തെ മുഴുവൻ ഉപജില്ലാ കേന്ദ്രങ്ങളിലും ഫെബ്രുവരി 2ന് പ്രതിഷേധം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീനും ജനറൽ സെക്രട്ടറി സി. പ്രദീപും അറിയിച്ചു.
അദ്ധ്യാപകരെ വിമർശിച്ച വിദ്യാഭ്യാസ
മന്ത്രിക്കെതിരെ പ്രതികരിച്ച് എ.കെ.എസ്.ടി.യു
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തിൽ പ്രതികരിച്ച അദ്ധ്യാപകരെ വിമർശിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സി.പി.ഐ അനുകൂല അദ്ധ്യാപക സംഘടനയും രംഗത്തെത്തി. അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ പതിപ്പിച്ചാൽ മതിയെന്ന മന്ത്രിയുടെ പ്രസ്താവനയാണ് അദ്ധ്യാപക സംഘടനകളെ ചൊടിപ്പിച്ചത്. സർവീസ് ചട്ടങ്ങൾ അനുശാസിക്കുന്ന ചാട്ടവാർ ഉപയോഗിച്ച് അദ്ധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാളോങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സി.പി.ഐ അനുകൂല സംഘടനയായ എ.കെ.എസ്.ടി.യു പ്രതികരിച്ചു. ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ടെന്നും സംഘടന കുറ്റപ്പെടുത്തി. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് അനുകൂല സംഘടന നേരത്തേ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു.