band

മുടപുരം: കുഴിയം ഗ്രാമത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ സി. സുരയുടെ നേതൃത്വത്തിലാണ് വിവിധ ഫണ്ടുകൾ സ്വരൂപിച്ച് പദ്ധതികൾ നടപ്പിലാക്കുന്നത്. പതിറ്റാണ്ടുകളായി വെള്ളക്കെട്ടിനാൽ ജനജീവിതം ദുസഹമായ പ്രദേശമാണ് കുഴിയം.
വെള്ളക്കെട്ട് തടയാൻ 21 തൊഴിലുറപ്പ് തൊഴിലാളികൾ വീതമടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് നീർച്ചാലുകൾ വൃത്തിയാക്കി കയർ ഭൂവസ്ത്രം സ്ഥാപിക്കുന്നത്. രണ്ട് ഗ്രൂപ്പുകൾക്കുമായി 8. 76 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 42 റോൾ കയർ ഭൂവസ്ത്രം ഇതിനായി ഉപയോഗിക്കും. നീർച്ചാലുകൾ വഴി വരുന്ന വെള്ളം കായലിൽ എത്തിക്കുന്നതിനായി ഓടയും നിർമ്മിച്ചിട്ടുണ്ട്. ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് സ്ളാബ് സ്ഥാപിക്കും. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. ഇതിന് പുറമെ കായലിൽ നിന്ന് വേലിയേറ്റ സമയത്ത് കരയിലേക്ക് വെള്ളം കയറുന്നത് തടയാനായി കായൽ കരയിൽ ബണ്ട് നിർമ്മിക്കും. ഇതിന്റെ പണിയും നടന്നുവരികയാണ്. കോളനിയിൽ ഗതാഗത സൗകര്യത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പുതിയ നടപ്പാത നിർമ്മിക്കുന്നുണ്ട്. ഭൂമി ഏറ്റെടുത്ത്‌ ഇരുവശവും കോൺക്രീറ്റ് കൊണ്ട് സൈഡ്‌ വാൾ നിർമ്മിച്ച് നടപ്പാത ഇന്റർലോക്ക് ചെയ്യും.

കുഴിയം കോളനി

അഴൂർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡായ റെയിൽവേ സ്റ്റേഷൻ വാർഡിലാണ് കുഴിയം കോളനി. പഞ്ചായത്തിന്റെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വാർഡാണിത്. കഠിനംകുളം കായലിനോട് ചേർന്ന് കിടക്കുന്നതിനാലും ഇതര ഭാഗങ്ങളിൽ നിന്ന് ഒലിച്ചുവരുന്ന കൈത്തോടുകളും നീരുറവയും ശക്തമായ മഴയും ചേർന്ന് ഇവിടെ വെള്ളക്കെട്ട് ഉണ്ടാകും.

വേലിയേറ്റ സമയത്ത് കായലിൽ നിന്ന് വെള്ളം കയറും. വെള്ളം ഒഴുകി പോകാത്തതിനാൽ വീടുകളിലും വെള്ളം കയറും. വെള്ളം കെട്ടുമ്പോൾ കുടിവെള്ളവും മലിനമാകും.

ഫണ്ടുകൾ

എം.എൽ.എ ഫണ്ട്, തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് ഫണ്ട്, ഗ്രാമപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സുഗമമായി വെള്ളം ഒഴുകി കായലിൽ പതിക്കാൻ നീർച്ചാലുകൾ വൃത്തിയാക്കി കയർ ഭൂവസ്ത്രം സ്ഥാപിച്ചു സംരക്ഷിക്കും. ഇതിന്റെ പ്രവർത്തനം നടന്നുവരികയാണ്. കുറ്റിക്കാടുകൾകൊണ്ട് മൂടി മലിനമായിക്കിടന്ന നീർച്ചാലുകൾ വൃത്തിയാക്കിയാണ് പണി ആരംഭിച്ചത്.

വെള്ളം ഒഴുകിപ്പോകുന്നതിനും കുഴിയം കയർ സംഘം റോഡ് പുനർ നിർമിക്കുന്നതിനുമായി ജില്ലാപഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഈ റോഡ് പുനർ നിർമ്മിച്ച് ടാറിടുന്നതിനായി ഫണ്ട് കണ്ടെത്തും.

സി.സുര, മെമ്പർ, ഗ്രാമപഞ്ചായത്ത്