p

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്നതിനിടയിലും മുൻനിശ്ചയ പ്രകാരം പ്ളസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇന്ന് തുടങ്ങുന്നു. 1955 കേന്ദ്രങ്ങളിലായി 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ടിനുമായി നടക്കുന്ന പരീക്ഷയിൽ കൊവിഡ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ മാനദണ്ഡം അനുസരിച്ചാകും പരീക്ഷ നടക്കുക. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ളീഷ് വിഷയത്തിലാണ്. 2,08,411 പേരാണ് ഇംഗ്ളീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.