p

തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഇല്ലാത്ത തസ്തികയിലേക്ക് പിൻവാതിൽ നിയമനം നടത്തിയതായി ആക്ഷേപം. ജനപ്രിയ മദ്യമായ ജവാൻ റം നിർമ്മിക്കുന്ന സ്ഥാപനത്തിൽ സ്പിരിറ്റ് എത്തിക്കുന്നതിൽ കൃത്രിമം കണ്ടെത്തിയ കേസ് അടുത്തിടെ വിവാദമായിരുന്നു.

പ്രൊഡക്ഷൻ മാനേജർ ചുമതല വഹിച്ചിരുന്നയാൾ ആരോഗ്യപരമായ കാരണങ്ങളാൽ ജോലി വിട്ട് പോകുന്നതിന് പകരമായാണ് കെമിസ്റ്റ് തസ്തികയിൽ ഒരു വനിതയെ നിയമിച്ചത്. മുമ്പ് ഇങ്ങനെയൊരു തസ്തിക ഉണ്ടായിരുന്നില്ല. കെമിക്കൽ എൻജിനിയറിംഗ് യോഗ്യതയുള്ളവരെയാണ് പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ നിയമിക്കാറുള്ളത്. കെമിസ്റ്റായി നിയമനം ലഭിച്ചയാൾക്ക് ഡിഗ്രി മാത്രമാണ് യോഗ്യത. താത്കാലികടിസ്ഥാനത്തിലാണ് നിയമനമെന്നും ഉത്തരവിൽ പറയുന്നു. പ്രതിമാസം 30,000 രൂപയാണ് വേതനം.

സ്പിരിറ്റ് കൊണ്ടുവന്നതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ മാനനേജരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇതേ തസ്തികയിൽ നിന്ന് വിരമിച്ചയാളെ വീണ്ടും പ്രൊഡക്ഷൻ മാനേജരായി നിയമിച്ചു. അദ്ദേഹം സേവനം മതിയാക്കിയതിന് പകരമായിട്ടാണ് പുതിയ നിയമനം.

കമ്പനി പ്രവർത്തനം

നിലയ്ക്കാതിരിക്കാനെന്ന്

ആരോഗ്യപരമായ കാരണങ്ങളാൽ പ്രൊഡക്ഷൻ മാനേജർ ജോലി വിട്ടതോടെ ഉത്പാദനം നിലയ്ക്കാതിരിക്കാനാണ് താത്കാലികാടിസ്ഥാനത്തിൽ കെമിസ്റ്റിനെ നിയമിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

പ്രൊഡക്ഷൻ മാനേജർ തസ്തികയിലേക്ക് ബയോ ഡാറ്റ ക്ഷണിച്ചപ്പോൾ നിശ്ചിത യോഗ്യയുള്ളവരെ

കിട്ടാത്തതിനാലാണ് താത്കാലികമായി ഒരാളെ നിയമിച്ചത്.കെമിസ്റ്റായി നിയമിക്കാൻ കെമിസ്ട്രിയിൽ ബിരുദം മതി. ഡെപ്യൂട്ടേഷനിലോ പി.എസ്.സി വഴിയോ പുതിയ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടന്നും അധികൃതർ വ്യക്തമാക്കി.