കടയ്ക്കാവൂർ: കടലിനും കായലിനുമിടയിൽ ഒരു തുള്ളി ശുദ്ധജലം പോലും ലഭിക്കാത്ത 25,000ത്തോളം വരുന്ന അഞ്ചുതെങ്ങിലെ തീരദേശജനതയ്ക്ക് കുടിവെള്ളം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി ഒന്ന് മുതൽ ആറ്റിങ്ങൽ ജല അതോറിട്ടിക്ക് മുന്നിൽ സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപരോധസമരം ആരംഭിക്കും.
അഞ്ചുതെങ്ങിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, ഏഴ് മാസമായി പൊട്ടി കിടക്കുന്ന അഞ്ചുതെങ്ങ് കായലിന് അടിയിലൂടെയുള്ള വക്കം - കായിയ്ക്കരക്കടവ് പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുക, അഞ്ചുതെങ്ങിലേക്ക് പ്രത്യേക പദ്ധതി തയ്യാറാക്കുക, പ്രത്യേക പൈപ്പുലൈൻ സ്ഥാപിക്കുക, പഞ്ചായത്ത് പ്രദേശത്തെ വർഷങ്ങൾ പഴക്കമുള്ള പൈപ്പുലൈൻ മാറ്റി സ്ഥാപിക്കുക, ജലവിതരണത്തിൽ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.
മൂന്ന് ദിവസത്തിലൊരിൽ പഞ്ചായത്തിന്റെ പല ഭാഗത്തും കുടിവെള്ളം ലഭിച്ചു കൊണ്ടിരുന്നത് ഇപ്പോൾ ആഴ്ചയിലും കിട്ടുന്നില്ല. ഇവിടെ കിണറുകൾ ഉണ്ടെങ്കിലും ഇതിൽനിന്ന് കിട്ടുന്ന ജലം തുണികൾ അലക്കാൻ പോലും ഉപയോഗിക്കാൻ കഴിയില്ല. ഏക ആശ്രയം പൈപ്പ് വെള്ളമാണ്. അഞ്ചുതെങ്ങ് നിവാസികൾക്ക് വേണ്ടിയാണ് 1957ൽ ഡച്ച് ഗവൺമെന്റിന്റെ സഹായത്തോടെ അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതി ആരംഭിച്ചത്.
എന്നാൽ ഇവിടെ ഒരു തുള്ളി വെള്ളമില്ല. ജനങ്ങളോട് കടപ്പാടുള്ള പാർട്ടിയെന്നുള്ള നിലയ്ക്ക് ഇനിയും നോക്കി നിൽക്കാൻ സി.പി.എമ്മിന് കഴിയില്ല. അതുകൊണ്ടാണ് സമരത്തിന് തയ്യാറാകുന്നതെന്ന് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജറാൾഡ് പറഞ്ഞു.