pratima

നെയ്യാറ്രിൻകര:മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ പ്രതിമ സ്ഥാപിക്കാൻ നെയ്യാറ്റിൻകര നഗരസഭ മൈതാനത്ത് സൗകര്യമൊരുക്കുന്നു.കോട്ടയം ആസ്ഥാനമായ ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ നിർമ്മിച്ച പ്രതിമയാണ് നിർമ്മാണം കഴിഞ്ഞ് 3 വ‌ർഷത്തിനിനുശേഷം നഗരസഭയുടെ മൈതാനത്ത് സ്ഥാപിക്കാൻ അവസരമൊരുക്കി നൽകിയത്.പ്രതിമ സ്ഥാപിക്കാനായി ഫൗണ്ടേഷൻ ഭാരവാഹികൾ സംസ്ഥാനത്തെ നഗരസഭ, പഞ്ചായത്ത്,സാംസ്കാരിക വകുപ്പ് ഓഫീസുകൾ എന്നിവിടങ്ങളെയെല്ലാം ആശ്രയിച്ചെങ്കിലും ഫലവത്തായില്ല. ഇതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ട നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ പ്രതിമ നെയ്യാറ്റിൻകരയിൽ സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചത്.ജെ.സി.ഡാനിയേൽ ഇരുന്നുകൊണ്ട് ഫിലിം റോൾ നോക്കുന്നതായുളള ഷാജി വാസൻ എന്ന ശില്പി സിമന്റിൽ നിർമ്മിച്ച 8 അടി ഉയരമുളള പ്രതിമയ്ക്ക് 800 കിലോയാണ് ഭാരം.രണ്ടരലക്ഷം രൂപയോളമാണ് നിർമ്മാണ ചെലവ്.ചെയർമാന്റെ അനുമതി ലഭിച്ചതോടെ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്.നായരുടെ നേതൃത്വത്തിൽ പ്രതിമ നെയ്യാറ്റിൻകരയിലെത്തിച്ചു.പ്രതിമ ഇപ്പോൾ നഗരസഭാ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്.വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായ സഹകരണങ്ങളോടെ നഗരസഭാ മൈതാനത്ത് പാർക്കും ഓപ്പൺ തിയേറ്ററും നിർമ്മിച്ച ശേഷം പ്രതിമ സ്ഥാപിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.