
വിഴിഞ്ഞം: മുക്കുപണ്ടം പണയംവച്ച് 1.20 ലക്ഷം രൂപ തട്ടിയ യുവാവും രണ്ടാം ഭാര്യയും പിടിയിൽ. തിരുവല്ലം വണ്ടിത്തടം അപർണ ഫിനാൻസിൽ കഴിഞ്ഞ 15ന് നടന്ന സംഭവത്തിൽ പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ അബ്ദുൾ റഹ്മാൻ (42), രണ്ടാംഭാര്യ വള്ളക്കടവ് കൽമണ്ഡപം ഖദീജ മൻസിലിൽ റംസി (24) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്‌തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. 15ന് ഉച്ചയ്‌ക്ക് 2.30ന് ഇവർ സ്വർണപ്പണയ സ്ഥാപനത്തിലെത്തി 36ഗ്രാം സ്വർണം പണയംവച്ച് 1.20ലക്ഷം രൂപ വാങ്ങി പുറത്തിറങ്ങി. സ്ഥാപനത്തിൽ നൽകിയ മൊബൈൽ നമ്പരിൽ ഒമ്പത് അക്കം മാത്രമുള്ളതിനാൽ ഉടമ ഇവരെ തിരികെ വിളിച്ചു. എന്നാൽ ഇരുവരും വേഗം കാറിൽ കയറി പുഞ്ചക്കരി ഭാഗത്തേക്ക് പോകുകയായിരുന്നു.
സംശയം തോന്നിയ ഉടമ ആഭരണം പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് മനസിലായി. തുടർന്ന് ഇവരുടെ കാറിനെ പിന്തുടർന്നെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇവരെത്തിയത് കെ.എൽ 01 രജിസ്ട്രേഷനിലുള്ള കാറാണെന്ന് കാണിച്ച് ഉടമ സ്റ്റേഷനിൽ പരാതി നൽകി. അടുത്തുള്ള സി.സി ടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ബീമാപള്ളി ഭാഗത്തുനിന്ന് പ്രതികളെ അറസ്റ്റുചെയ്‌തത്.
മുന്തിയ ഇനം പൂച്ചകളുടെ ബിസിനസാണ് അബ്ദുൾ റഹ്മാന്റെ പ്രധാന തൊഴിലെന്ന് പൊലീസ് പറഞ്ഞു. മോഷണവും തട്ടിപ്പും നടത്തി ലഭിക്കുന്ന തുക കൊണ്ട് ഇയാൾ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ആദ്യ ഭാര്യയും കുട്ടിയുമുള്ള അബ്ദുൾ റഹ്മാൻ രണ്ടാംഭാര്യയെ ഫ്ളാറ്റിൽ താമസിപ്പിച്ചുവരികയായിരുന്നു.
തട്ടിപ്പിന് ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ ചുരണ്ടി മാറ്റുകയും വാഹനത്തിന് മുകൾഭാഗം കറുത്ത പെയിന്റ് അടിച്ച് രൂപമാറ്റം വരുത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. ഇവർ പൂന്തുറ സ്റ്റേഷൻ പരിധിയിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഒരു ബൈക്ക് മോഷണക്കേസിലും അബ്ദുൾ റഹ്മാൻ പ്രതിയാണ്. ഫോർട്ട് എ.സി.പി ഷാജിയുടെ നിർദ്ദേശപ്രകാരം തിരുവല്ലം എസ്.എച്ച്.ഒ സുരേഷ്.വി.നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, സതീഷ് കുമാർ, സി.പി.ഒമാരായ രാജീവ് കുമാർ, രാജീവ്, രമ, സെലിൻ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്‌ത പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രതികൾക്ക് മുക്കുപണ്ടം കിട്ടിയതിന്റെ ഉടവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് തിരുവല്ലം എസ്.എച്ച്.ഒ സുരേഷ്.വി. നായർ പറഞ്ഞു.