
മലയിൻകീഴ്: മാറനല്ലൂർ ഗവ. ആയുർവേദ ആശുപത്രി പ്രവർത്തനമാരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. തുടക്കത്തിൽ കിടത്തി ചികിത്സ വരെയുണ്ടായിരുന്ന ആശുപത്രിയിൽ ക്രമേണ ഒ.പി മാത്രമായി ചുരുങ്ങി.
പ്രൗഡിയോടെ ആയുർവേദത്തിന്റെ മണം അകലത്ത് നിന്ന് പോലും അറിയാമായിരുന്ന ആശുപത്രിക്ക് ശനിദശ തുടങ്ങിയിട്ട് 16 വർഷം കഴിഞ്ഞു. മാറനല്ലൂർ പൊലീസ് സ്റ്റേഷന് താത്കാലികമായി പ്രവർത്തിക്കാൻ ആശുപത്രി വക കെട്ടിടം വിട്ട് നൽകിയതാണ് ശനിദശയ്ക്ക് കാരണം.
ആശുപത്രി കഷായപ്പുരയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതോടെ മോഷണ സാധനങ്ങൾ സൂക്ഷിക്കുന്നതും ആശുപത്രി പരിസരത്തായി. മാറനല്ലൂർ പൊലീസ് സ്റ്റേഷന് പുതിയ മന്ദിരം നിർമ്മിച്ച് മാറിയെങ്കിലും തൊണ്ടി മുതലുകൾ ഇപ്പോഴും ആശുപത്രിയിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്.
പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. നിരവധി ചെറുതും വലുതുമായ വാഹനങ്ങൾകൊണ്ട് നിറച്ചിരിക്കുന്ന ആശുപത്രിയിലെത്തുന്നവർക്ക് ആക്രിക്കടയെന്ന് തോന്നിപ്പോകും.
കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലാണ് ഷീറ്റ് മേഞ്ഞ ആശുപത്രി കെട്ടിടമിപ്പോൾ. ഒരു ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരാണ് ആശുപത്രി ജീവനക്കാർ. ഡോക്ടർ ലീവെടുക്കുന്ന ദിവസം പകരം സംവിധാമില്ലാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്. വാഹനങ്ങളിൽ മഴവെള്ളം കെട്ടിനിന്ന് കൊതുക് ശല്യവുമുണ്ടിവിടെ. നിത്യേന ദിവസവും നൂറിലേറെ പേർ ചികിത്സ തേടി എത്തിയിരുന്നിടമാണ്. ഭൗതിക സാഹചര്യങ്ങളൊരുക്കുകയാണെങ്കിൽ പത്ത് പേരെ വരെ കിടത്തി ചികിത്സ നൽകാനാകുമെന്നാണ് മെഡിക്കൽ ഓഫീസർ ഡോ.ഷൈൻ നൽകിയ വിവരം.