dd

തിരുവനന്തപുരം:സംസ്ഥാനത്ത് വളർന്നുകൊണ്ടിരിക്കുന്ന സാഹസിക ടൂറിസം മേഖലയിൽ മാനവവിഭവശേഷി ഉറപ്പാക്കാൻ ശാസ്താംപാറയിൽ അ‌ഡ്വഞ്ചർ ടൂറിസം അക്കാഡമി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി തുടങ്ങി. പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ സർക്കാർ അനുവദിച്ച രണ്ടുകോടിയോളം രൂപ വിനിയോഗിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തി പദ്ധതിക്ക് കൈമാറാനുള്ള നടപടികളാണ് ആരംഭിച്ചത്.കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്താണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ശാസ്താംപാറയിൽ അക്കാഡമി സ്ഥാപിക്കാനുളള നടപടി തുടങ്ങിയത്.തിരുവനന്തപുരം നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 400 മീറ്റർ ഉയരത്തിലാണ് ശാസ്താംപാറ സ്ഥിതിചെയ്യുന്നത്.പാറപ്പുറത്ത് നിന്നാൽ കോവളം ബീച്ചും ശംഖുംമുഖവും കാണാവുന്ന ഇവിടെ 2010-ൽ അരക്കോടി രൂപ ചെലവഴിച്ച് കൽമണ്ഡപവും കുട്ടികൾക്ക് കളിക്കാൻ പാർക്കും നിർമ്മിച്ചിരുന്നു.പിന്നീടാണ് അ‌ഡ്വഞ്ചർ ടൂറിസം അക്കാഡമിക്കായി സ്ഥലം ഏറ്റെടുത്തത്.ദേശീയ നിലവാരത്തിലുള്ള അ‌ഡ്വഞ്ചർ അക്കാഡമിയാണ് ശാസ്താംപാറയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്നത്.ഇന്ത്യൻ മൗണ്ടനീയറിംഗ് ഫെഡറേഷൻ,​നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്സ് എന്നിവയുടെ സഹകരണത്തോടെയാകും പരിശീലനം.

ഉദ്ദേശ്യലക്ഷ്യങ്ങൾ

ടൂറിസം രംഗത്ത് മാനവശേഷി ഉറപ്പാക്കുക

സാഹസിക ടൂറിസം രംഗത്തെ മാനവശേഷിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക

സാഹസികടൂറിസം മേഖലകൾ കൂടുതൽ ജനകീയമാക്കുക

കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക

സ്കൂൾതലം മുതൽ കുട്ടികൾക്ക് സാഹസിക ടൂറിസത്തിൽ പരിശീലനം നൽകുക

കോഴ്സുകൾ

കേരളത്തിൽ പ്രചാരത്തിലുള്ളതും പുതിയതുമായ ആക്ടിവിറ്റികളും അനുയോജ്യമായ കോഴ്സുകളും

റോക്ക് ക്ളൈംബ്ബിംഗ്,​ഹൈറോപ്പ് കോഴ്സസ്,​സിപ് ലൈൻ,​സ്കൈ സൈക്ളിംഗ്,​പെയ്ന്റ് ബാൾ,​ഷൂട്ടിംഗ് ആർച്ചറി റേഞ്ച്,​കൈറ്റ് ഫ്ളൈയിം തുടങ്ങിയ കോഴ്സുകൾ

ഓരോ ആക്ടിവിറ്റിയുടെയും സ്വഭാവത്തിനനുസരിച്ച് ദൈർഘ്യം ചിട്ടപ്പെടുത്തും

 പ്രായോഗിക പരിശീലനത്തിന് പുറമേ പ്രഥമശുശ്രൂഷ,​സി.പി.ആർ തുടങ്ങിയ കോഴ്സുകൾ

പ്രത്യേകം നിയോഗിച്ച കരിക്കുലം കമ്മിറ്റിയാകും കോഴ്സുകൾ തീരുമാനിക്കുക

അടിസ്ഥാന സൗകര്യങ്ങൾ

ക്ളാസ് മുറികൾ

ഹോസ്റ്റൽ ഫെസിലിറ്റി

മെഡിക്കൽറൂം

ഓഫീസ്

ആധുനിക സൗകര്യങ്ങളോടെയുള്ള സെമിനാർ ഹാൾ

യോഗഹാൾ

പാർക്കിംഗ് ഏരിയ

ഇൻസ്ട്രക്ടേഴ്സിന് താമസസൗകര്യം.