jaleel

തിരുവനന്തപുരം: ലോകായുക്തയായ മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് സിറിയക് ജോസഫിനെ മുൻമന്ത്രി കെ.ടി. ജലീൽ വ്യക്തിപരമായി കടന്നാക്രമിച്ചത് ലോകായുക്ത നിയമ ഭേദഗതിയെ ചൊല്ലിയുള്ള രാഷ്ട്രീയ കലഹത്തിന് എരിവ് പകരുന്നു.

ബന്ധുനിയമന കേസിൽ ജലീലിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിധി പുറപ്പെടുവിച്ചത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫാണെന്നിരിക്കെ, ജലീലിന്റെ ആരോപണത്തിന് രാഷ്ട്രീയമാനം ഏറെയാണ്.

ജലീലിന്റെ വിമർശനം ജുഡിഷ്യറിയോടുള്ള അവഹേളനമെന്ന നിലയിൽ സർക്കാരിന് പുലിവാലാകുമോയെന്ന ആശങ്ക ഇടതു കേന്ദ്രങ്ങളിലുണ്ട്.

അത് മുന്നിൽ കണ്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു.

ജസ്റ്റിസ് സിറിയക് ജോസഫ് ഹൈക്കോടതി ജഡ്ജിയായിരിക്കെ യു.ഡി.എഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്ന് രക്ഷിക്കാൻ സ്വന്തം സഹോദര ഭാര്യയ്‌ക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയെന്ന ഗുരുതര ആരോപണമാണ് എം.എൽ.എകൂടിയായ ജലീൽ ഫേസ് ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചത്.

ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദര പത്നി ഡോ. ജാൻസി ജെയിംസിനെ 2004ൽ എം. ജി. സർവകലാശാല വി. സിയായി നിയമിച്ചിരുന്നു. ലീഗ് നേതാവ് പി കെ. കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം പാർലർ കേസിൽ നിന്ന് രക്ഷിക്കുന്നതിന് പ്രതിഫലമായി ജാൻസി ജെയിംസിന് വി. സി സ്ഥാനം ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു വാങ്ങിയെന്നാണ് ജലീലിന്റെ ധ്വനി. ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതൽ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് സഹിതമാണ് പോസ്റ്റ്. ആ ബെഞ്ചിൽ അന്നുണ്ടായിരുന്നത് ചീഫ് ജസ്റ്റിസ് സുഭാഷൺ റെഡ്ഢിയും ജസ്റ്റിസ് സിറിയക് ജോസഫുമായിരുന്നു.

ജുഡിഷ്യറിയെ വെല്ലുവിളിക്കുന്നു

-വി.ഡി സതീശൻ

മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെയും കേസ് ലോകായുക്തയുടെ മുന്നിലിരിക്കെ ഓർഡിനൻസ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചത് പാളിയപ്പോഴാണ് ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കാൻ സർക്കാർ ചാവേറായി ജലീലിനെ ഇറക്കിയതെന്നും ഇത് ജുഡിഷ്യറിയോടുള്ള പരസ്യവെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ

നിയമന സമിതിയിൽ അംഗമായിരുന്ന താൻ എതിർക്കാതിരുന്നത് അദ്ദേഹത്തിന്റെ പ്രാഗൽഭ്യം കണക്കിലെടുത്താണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ജലീലും അംഗമായിരുന്ന മന്ത്രിസഭയുടെ കാലത്താണ് ലോകായുക്തയെ നിയമിച്ചത്. ഇപ്പോൾ ഓർഡിനൻസ് വിവാദമായപ്പോൾ ജലീൽ വ്യക്തിപരമായി ആക്രമിച്ചത് സർക്കാർ എന്തിനെയോ ഭയക്കുന്നതിന്റെ തെളിവാണെന്നാണ് പ്രതിപക്ഷവാദം.