പാലോട്: ലോക്ക് ഡൗൺ കാലം വ്യാപാര വ്യവസായ മേഖലകളെ നന്നായി തന്നെ ബാധിച്ചിട്ടുണ്ട്. ഒപ്പം വന്യമൃഗശല്യവും കാലാവസ്ഥ വ്യതിയാനവും എല്ലാം കൂടിയായതോടെ കാർഷിക മേഖല പ്രതിസന്ധിയിലായി.

മലയോരത്ത് ബ്രൈമൂർ, ബോണക്കാട്, പൊൻമുടി തുടങ്ങിയ എസ്റ്റേറുകളിൽ കൃഷി ചെയ്തിരുന്ന ജാതിക്കയും ഗ്രാമ്പുവും ഏലയ്ക്കയും ഒന്നും കണികാണാൻ പോലുമില്ലാതായി. ജാതിക്കയ്ക്കും, ഗ്രാമ്പുവിനും വിലയിൽ ചെറിയ വർദ്ധന ഉണ്ടെങ്കിലും ഇവയുടെ ദൗർലഭ്യം രൂക്ഷമാണ്. അന്യസ്ഥലങ്ങളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി ആരംഭിച്ചതോടെ മലയോരത്തെ നിരവധി പേരുടെ ആശ്രയമായിരുന്ന എസ്റ്റേറ്റുകളിൽ നിന്ന് ഈ ഉത്പന്നങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങി.

ബാങ്ക് ലോണെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകർ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. സന്ധ്യ മയങ്ങിയാൽ മാത്രം പുറത്തിറങ്ങിയിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ പകൽ സമയത്തും നാട്ടിലിറങ്ങി വിഹരിക്കാൻ തുടങ്ങിയതും കൃഷിക്ക് ഭീഷണിയായി. കൃഷിയിടങ്ങൾ ഉഴുതുമറിക്കുന്ന ഇവരുടെ മുന്നിൽ മനുഷ്യരെ കിട്ടിയാൽപ്പിന്നെ പറയുകയും വേണ്ട. കൃഷിയിടങ്ങളിൽ കർഷകർക്ക് പകരം ഇവർ സ്ഥാനം പിടിച്ചതോടെ കാർഷിക ഉത്പന്നങ്ങൾ ഒന്നും കർഷകർക്ക് ലഭിക്കാതെയായി. കർഷകർ വൻ കടക്കെണിയിലുമായി. കൃഷി നശിപ്പിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും ചികിത്സയിലുള്ളവർക്ക് ആവശ്യമായ ചികിത്സാ സഹായവുമാണ് നാട്ടുകാരുടെ ആവശ്യം.

തേങ്ങയും കപ്പയും വിലയിടിവിലേക്ക്

നാല്പത് രൂപ വിലയുണ്ടായിരുന്ന മരച്ചീനി, തമിഴ്നാട്ടിൽ നിന്നുള്ള മരച്ചീനിയുടെ വരവോടെ 16 രൂപയിലേക്ക് താണു. ഈ വർഷം 35 രൂപ വിലയുണ്ടായിരുന്ന തേങ്ങ 25 രൂപയിലേക്കു താഴുകയാണുണ്ടായത്. തേങ്ങയെടുക്കാൻ അടങ്കൽ എടുക്കുന്നവരും അസുഖം ബാധിച്ച തെങ്ങുകൾ മുറിക്കാൻ കരാറെടുക്കുന്ന കരാറുകാരുമാണ് തെങ്ങ് കൃഷിക്ക് അന്ധകരായത്. തെങ്ങ് കയറ്റത്തിനും, പൊതിക്കലിനും, ചുമടിനും വെവ്വേറെ കൂലി തൊഴിലാളികൾ വാങ്ങിത്തുടങ്ങിയതോടെ കേരകർഷകരും തെങ്ങുകൃഷി അവസാനിപ്പിച്ചതുപോലെയാണ്.