തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ കേരള ടൂറിസത്തിന്

സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചാരണ പിന്തുണയുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. കേരളത്തിലേക്ക് യാത്രചെയ്യാൻ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ അവതരിപ്പിക്കുന്ന കേരള ക്രേവിംഗ്സ് എന്ന കാമ്പെയിൻ വഴിയാണ് പ്രചാരണം. കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷണ വൈവിദ്ധ്യവും കലാ, സാംസ്‌കാരിക പെരുമയുമെല്ലാം പ്രചാരണ വിഷയമാക്കുന്നുണ്ട്.കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്,ജഡായു എർത്ത് സെന്റർ,തിരുവനന്തപുരത്തെ വർക്കല,അഞ്ചുതെങ്ങ്,ആഴിമല,കോവളം,പൂവാർ,പൊന്മുടി ഉൾപ്പെടെയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിനു പേരെ ആകർഷിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് നന്മയുടെ കവാടം വഴിവരൂ എന്നാണ് കാമ്പെയിനിന്റെ ടാഗ് ലൈൻ. വിമാനത്താവളത്തിലെ പ്രണാം ഉൾപ്പെടെയുള്ള സൗകര്യങ്ങളും കാമ്പെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിദേശ, ആഭ്യന്തര സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുകയും അതുവഴി തിരുവനന്തപുരത്തെ പ്രധാന സഞ്ചാര കേന്ദ്രമായി വളർത്തുകയുമാണ് അദാനി ഡിജിറ്റൽ ലാബ് നേതൃത്വം നൽകുന്ന കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്.