payal-neekkam-chayoonu

വക്കം: അഞ്ചംഗ വിദ്യാർത്ഥി സംഘം ഒത്തു ചേർന്നപ്പോൾ ക്ഷേത്രകുളം ക്ലീൻ. വക്കം വെളിവിളാകം ക്ഷേത്രക്കുളത്തിലെ പായൽ നീക്കം ചെയ്യാനാണ് സമീപവാസികളായ കൊച്ചു കുട്ടികൾ മുന്നിട്ടിറങ്ങിയത്. കുളം വൃത്തിയാകുമ്പേൾ തങ്ങൾക്ക് നീന്തൽ പഠിക്കാനും, മറ്റുള്ളവർക്കും കൂടി പ്രയോജനമാകട്ടെ എന്ന ചിന്തയാണ് ഇവരെ ഇതിനു പ്രേരിപ്പിച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ലക്ഷങ്ങൾ ചെലവഴിച്ച് ക്ഷേത്രക്കുളം നവീകരിച്ചത്. അശാസ്ത്രീയമായ നവീകരണമാണ് നടത്തിയതെന്ന് കേരള കൗമുദി ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. 11.45 ലക്ഷം രൂപ കുളത്തിന്റെ നവീകരണത്തിനും ശുചിത്വമിഷൻ പായലും ചെളിയും നീക്കം ചെയ്യാനുമായി 62,000 രൂപ ചെലവഴിച്ചിരുന്നു. എന്നാൽ ചെളിയും പായലും പൂർണമായും നീക്കം ചെയ്യാതിരുന്നതാണ് അതിവേഗത്തിൽ കുളത്തിൽ പായൽ നിറയാൻ കാരണമായത്.

കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെ എട്ടാം ക്ലാസുകാരനായ പ്രഭാത്, ഒൻപതാം ക്ലാസുകാരനായ തുഷാർ, ഏഴാം ക്ലാസുകാരായ വിഷ്ണു, സിദ്ധാർത്ഥ്, വിശാഖ് എന്നിവരാണ് കുളം വൃത്തിയാക്കിയത്. മൂന്ന് ദിവസം മുൻപ് ആരംഭിച്ച പായൽ നീക്കം ചെയ്യൽ ഏറക്കുറെ പൂർത്തിയായ നിലയിലാണിപ്പോൾ. വരും ദിവസങ്ങളിൽ പായൽ പൂർണമായി മാറ്റി കുളം വൃത്തിയാക്കിയെടുക്കുമെന്ന് അഞ്ചംഗ സംഘം പറഞ്ഞു.